മമ്മ…..ആ വിളിയൊന്ന് കേൾക്കാൻ ഷാന അത്രമേൽ കൊതിച്ചിരുന്നു. ഗർഭകാലത്തെ സ്കാനിംഗുകളില്ലാം കറക്ടായി വന്നപ്പോൾ എല്ലാ അമ്മമാരേയും പോലെ കടിഞ്ഞൂൽ കുഞ്ഞിനായി ഷാന കാത്തിരുന്നു. എന്നാൽ പ്രസവശേഷം കുഞ്ഞു സയാനെ കൈയിലേക്ക് കിട്ടിയപ്പോൾ മാത്രമാണ് ഡൗൺ സിൻഡ്രോം ബേബിയാണെന്ന് ഷാനയും വസീമും അറിയുന്നത്. അപ്രതീക്ഷിതമായി വന്ന ആ വിവരം ഇല്ലാതെയാക്കിയത് പ്രസവവേദനയ്ക്കൊടുവിൽ ഒരമ്മയ്ക്ക് കിട്ടേണ്ടിയിരുന്ന സന്തോഷങ്ങളെയായിരുന്നു.
സാധാരണ ഒരു പേരൻ്റിന് സ്വന്തം കുഞ്ഞിന് ഡൌണ് സിൻഡ്രോം ആണെന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാവുന്ന അതേ മാനസികാവസ്ഥയിലൂടെയാണ് ഞങ്ങളും കടന്നു പോയത്. ഇതിനെപ്പറ്റി നമ്മുക്കൊന്നും അറിയില്ലായിരുന്നു. ഗൂഗിളിലും മറ്റും തിരഞ്ഞു ഇതേപ്പറ്റി പഠിക്കാൻ തുടങ്ങി. ഭയങ്കര സ്ട്രസ്സായിരുന്നു ആ സമയത്ത്. പോകെ പോകെ നമ്മൾ അതു മറന്നു. ഇവനായി ഞങ്ങളുടെ ലോകം. പുറത്തുള്ളവർക്ക് മാത്രമായിരുന്നു ഇവൻ്റെ ഡൗൺ സിൻഡ്രോം ചൈൽഡായിരുന്നത് – ഷാനയും വസീമും പറയുന്നു.
എന്താണ് തൻറെ കുഞ്ഞിൻറെ പ്രത്യേകത, അവന് എന്താണ് വേണ്ടതെന്ന് പഠിക്കാനാണ് ആ അച്ഛനും അമ്മയും ആദ്യം ശ്രമിച്ചത്. ഒരു ക്രോമസോം എൻ്റെ കുഞ്ഞിന് കൂടുതലാ…. അത്രേയുള്ളൂന്ന് പറഞ്ഞ് ഉപദേശങ്ങളോടും സഹതാപങ്ങളോടും ഒക്കെ നോ പറഞ്ഞ് അവൻ്റെ കുഞ്ഞിക്കൈ പിടിച്ച് അവർ നടക്കാൻ തുടങ്ങി.
കാഴ്ചശക്തി കവർന്നെടുക്കാൻ ഡൌൺസിൻഡ്രോം ബാധിതരിൽ കണ്ടുവരാറുള്ള തിമിരവും അതിനിടെ കുഞ്ഞ് സയാനെ പിടികൂടി. കൃത്യമായ ചികിത്സയും സർജറിയും ഒരു കുഞ്ഞി കണ്ണാടിയും കൂടി ആയതോടെ അവന് ചുറ്റുമുള്ള ലോകവും നിറമുള്ളതായി
അവൻ്റേ ഓരോ ചെറിയ ചുവടുകളും ഞങ്ങൾക്ക് വളരെ വലിയ സന്തോഷമായിരുന്നു. അവൻ ചരിഞ്ഞു കിടക്കാൻ തുടങ്ങിയത്, മുട്ടിലിഴഞ്ഞു നടക്കാൻ തുടങ്ങിയത്, സംസാരിക്കാൻ തുടങ്ങിയത്. ഒരുപാട് കഷ്ടപ്പെട്ടാണ് അവൻ ഓരോ കാര്യങ്ങൾ ചെയ്തു തുടങ്ങിയത് അന്നേരം നമ്മുക്കുണ്ടാവുന്ന സന്തോഷം അത്രയും വലുതായിരുന്നു – ഷാന പറയുന്നു.
പപ്പയ്ക്കും മമ്മയ്ക്കുമൊപ്പമുള്ള ലൈഫ് നല്ല ചില്ലാണെങ്കിലും കുഞ്ഞ് സയാന് ആകെയുള്ള മുഷിച്ചിൽ ഡെയ്ലി ഉള്ള തെറാപ്പികളാണ്. സ്ഥിരം ചെന്ന് കമ്പനിയായ തെറാപ്പിസ്റ്റ് മാറിയാൽ ചെക്കൻ കലിപ്പാവും .കുറച്ചധികം ശ്രദ്ധവേണം, കുറച്ചധികം എഫർട്ടിടണം അതിനുമപ്പുറം അടച്ചിട്ട് വളർത്തേണ്ടവരല്ല ഡൗൺ സിൻഡ്രോം ബാധിതരെന്ന് ലോകത്തോട് പറയുകയാണ് വയനാട്ടുകാരായ ഷാനയും വസീമും. ഒന്നര വയസിനുള്ളിൽ പത്തോളം രാജ്യങ്ങളിൽ കുഞ്ഞ് സയാനെയും കൂട്ടി അവർ യാത്രകൾ പോയി.
സ്വിറ്റ്സർലാൻഡിലെ ഏറ്റവും ഉയരമേറിയ പർവ്വതത്തിൽ അതായത് മൈനസ് എട്ട് വരെ തണ്ണുപ്പിൽ അവനേയും കൊണ്ടു പോയിട്ടുണ്ട്. മൃഗങ്ങളുമായും മറ്റും ഇടപെടുന്നത് അവന് ഭയങ്കര ഇഷ്ടമാണ്. അബുദാബിയിൽ ഇവർക്ക് പ്രത്യേക ഇൻഷുറൻസും മറ്റുമുണ്ട്. അതുകൊണ്ട് ഇവനെ വളർത്താനുള്ള ചെലവിനെയോർത്ത് ടെൻഷനാവേണ്ടി വന്നിട്ടില്ല – വസീം പറയുന്നു.
അവൻ്റെ ഇഷ്ടങ്ങളറിഞ്ഞ് പയ്യെ വയ്ക്കുന്ന ചുവടുകൾക്ക് പിന്തുണ നൽകി ഷാനയും വസീമും പൊളിച്ചെഴുതാൻ ശ്രമിക്കുന്നത് പിന്തുടരുന്ന സഹതാപക്കണ്ണുകളെയാണ്.സയാൻ അവനായി തന്നെ വളരട്ടെ… അവൻ്റെ ലോകം മനോഹരമാകട്ടെ





