സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ്. ബജറ്റിൽ ചെലവ് ചുരുക്കാൻ നിർദേശങ്ങളുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എന്നാൽ താങ്ങാനാകാത്ത ഭാരം ഉണ്ടാകില്ല. അമിത ഭാരം അടിച്ചേൽപിക്കൽ ഇടത് നയമല്ല.എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളാൻ ശ്രമിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കടമെടുപ്പിൽ കേന്ദ്രത്തിന്റെ നിയന്ത്രണം വസ്തുതയാണെന്ന് കെ.എൻ.ബാലഗോപാൽ പറഞ്ഞു. അവസാന പാദത്തിലെ കടമെടുപ്പിൽ കേന്ദ്രം കടിഞ്ഞാണിട്ടെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ധമനന്ത്രിയുടെ സ്ഥിരീകരണം. അടുത്ത മൂന്ന് മാസം കടമെടുക്കാനാകുക 937 കോടി മാത്രം ആണ്. കേരളം പദ്ധതിയിട്ടത് 8000 കോടി രൂപയാണ്.
കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പർ രഹിതമായിരിക്കും. കടലാസുരഹിത ബജറ്റ് ആയതിനാൽ തന്നെ ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി സംസ്ഥാന സർക്കാർ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകാതെ ഉഴറുന്ന കെഎസ്ആർടിസിക്ക് ജീവശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.