വിവാഹശേഷം ഭർത്താവിനൊപ്പം സ്വസ്ഥമായൊരു കുടുംബ ജീവിതം സ്വപ്നം കണ്ട് ദുബായിലേക്ക് വന്ന സിമിക്ക് സമാനതകളില്ലാത്ത പരീക്ഷണങ്ങളാണ് ജീവിതത്തിൽ നേരിടേണ്ടി വന്നത് . സ്വന്തം കാലിൽ നിൽക്കാൻ അത്രമേൽ ആഗ്രഹിച്ച ആ പെൺകുട്ടിക്ക് ഒരുപാട് അലഞ്ഞ ശേഷമാണ് മികച്ചൊരു ജോലി ദുബായിൽ കണ്ടെത്താനായത്. പക്ഷേ ഔദ്യോഗിക ജീവിതം അധികനാൾ തുടരാൻ സിമിക്കായില്ല. തന്‍റെ ഉദരത്തിൽ ഒരു കുഞ്ഞ് ജീവൻ വളരുന്നതിനാൽ ഒരുപാട് യാത്ര ചെയ്ത് ജോലിക്ക് പോകാൻ ആരോഗ്യ പ്രശ്നങ്ങൾ അനുവദിച്ചില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൺമണിക്ക് അമ്മയെ കാണാനാവാതെ ഉദരത്തിൽ വച്ച് തന്നെ ജീവൻ നഷ്ടമായി. സ്വാഭാവികമെന്ന് കരുതി സമാധാനിച്ചിരക്കവെ അധികം വൈകാതെ സിമി വീണ്ടും ഗർഭിണിയായി. പക്ഷേ ഗർഭകാലം മൂന്ന് മാസം പിന്നിട്ടതോടെ ആ കുഞ്ഞ് ജീവനും വിട പറഞ്ഞു. അങ്ങനെ തുടരെ നാല് കുഞ്ഞുങ്ങളെയാണ് ഈ കോഴിക്കോട്ടുകാരിക്ക് നഷ്ടമായത്.
അമ്മയാകാൻ സാധിക്കാത്തതിലും വിഷമം മനസ് പാകപ്പെടും മുൻപേ നാലുപാട് നിന്നും കേട്ട കുത്തുവാക്കുകളാണ്. കുടുംബത്തിൽ നടക്കുന്ന ചടങ്ങുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും പതിയെ സിമി ഉൾവലിഞ്ഞു. തന്‍റെ ആത്മവിശ്വാസത്തെ വരെ കെടുത്തും വിധമായിരുന്നു സമൂഹത്തിന്‍റെ സമീപനമെന്ന് സിമി ഓർക്കുകയാണ്. ആ കഠിന കാലത്തെ മറികടക്കാൻ പലവഴികളും സിമി തേടി. ഒരു നിമിഷം പോലും വെറുതെയിരുന്നില്ല. ഒന്നിലെ കുറിച്ചും ആലോചിച്ചില്ല. കണ്ടന്‍റ് ആണെന്ന് തോന്നുന്നതെല്ലാം വ്ലോഗുകളാക്കി മാറ്റി. ദിവസവും യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്തു. ഒരു വർഷത്തിനകം ഒന്നര ലക്ഷം കാഴ്ചക്കാരെ സമ്പാദിക്കാൻ സിമിക്ക് കഴിഞ്ഞു. പ്രതിസന്ധിക്കിടയിലും സ്വന്തം കാലിൽ നിൽക്കാനായതിന്‍റെ ചാരിതാർത്ഥ്യമാണ് സിമിയുടെ വാക്കുകളിൽ.
ഫാഷൻ ലോകത്തോട് വല്ലാത്ത ഭ്രമമുണ്ടായിരുന്ന സിമി പതിയെ വസ്ത്രവ്യാപാരത്തിലേക്ക് ശ്രദ്ധതിരിച്ചു. “ടെറ” എന്ന പേരിൽ ഒരു ഓൺലൈൻ ഷോപ്പും തുടങ്ങി. പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം ഇടം കണ്ടെത്തിയ സിമിയെ തേടി തന്‍റെ അഞ്ചാമത്തെ കൺമണിയെത്തി.അഞ്ചാമത് വീണ്ടും ഗൾഭിണിയായപ്പോൾ കൂടുതൽ കരുതലും ശ്രദ്ധയും സിമിയും ഭർത്താവ് മിഥുനും ഗർഭസ്ഥ ശിശുവിന് നൽകി. ആറ് മാസം കടന്നു കിട്ടും വരെ കഠിനമായ മാനസിക പ്രയാസങ്ങളിലൂടെയായിരുന്നു ഇരുവരും കടന്നു പോയത്. പക്ഷേ ഇത്തവണ ദൈവം സിമിയുടെ കൂടെ നിന്നു. ഒരു കുറവും കൂടാതെ അഞ്ചാമത്തെ കൺമണിയായ മിഹാൻ അവരുടെ ജീവിതത്തിലേക്ക് വന്നു. ഇവനെന്‍റെ അഞ്ചാമത്തെ കൺമണിയാണെന്ന് പറയുമ്പോൾ ഒരുതരം നിസംഗതയാണ് സിമിക്ക്
കുഞ്ഞ് വന്ന ശേഷവും ഉടൻ തന്നെ കരിയറിൽ ശ്രദ്ധയൂന്നിയ സിമി ഓർഡറെടുത്ത് വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്ത് നൽകാനും ആരംഭിച്ചു. എല്ലാം കഴിഞ്ഞിട്ട് കരിയറിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ നിന്നാൽ ജീവിതത്തിൽ ഒന്നുമാകാൻ കഴിയില്ലെന്ന് സ്വന്തം ജീവിതത്തിലൂടെ പറഞ്ഞു വയ്ക്കുകയാണ് ഈ യുവതി. ഇന്ന് ബ്രാൻഡ് കൊളാബറേഷനും ബിസിനസുമൊക്കെയായി ലക്ഷങ്ങളാണ് ഈ കോഴിക്കോട്ടുകാരിയുടെ സമ്പാദ്യം. ഒപ്പം മിച്ചുവിനും ഭർത്താവ് മിഥുനുമൊപ്പം ഒരടിപൊളി ലൈഫും