ദില്ലി: തെരുവുനായ പ്രശ്നത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി. പൊതുസ്ഥലത്ത് നിന്നും തെരുവ് നായകളേയും അലഞ്ഞു നടക്കുന്ന കന്നുകാലികളേയും നീക്കം ചെയ്യണമെന്നും നിരീക്ഷണത്തിനായി പട്രോംളിംഗ് സംഘങ്ങളെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു.

ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിർദേശം. ഇതിനായി സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടിയെടുക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം എല്ലാ സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും നായകൾ കയറാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇതിനായി നിരന്തര പരിശോധനകൾ നടത്തണം. ദേശീയപാതകളിൽ നിന്നും മൃഗങ്ങളെ നീക്കാൻ എട്ട് ആഴ്ചയ്ക്ക് അകം നടപടി സ്വീകരിക്കണം. സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിമാർ സുപ്രീംകോടതിയെ അറിയിക്കണം.
പിടികൂടുന്ന നായകളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി വന്ധ്യംകരിക്കണം. പ്രാദേശിക തദ്ദേശസ്ഥാപനങ്ങൾ ഇതിനായുള്ള നടപടികൾ സ്വീകരിക്കണം. പിടികൂടിയ നായകളെ ഒരു കാരണവശാലും അതേ സ്ഥലത്ത് തുറന്നു വിടരുതെന്നും കോടതി നിർദേശിച്ചു






