സൗദി അറേബ്യയിൽ പുതിയ ദേശീയ വിമാനക്കമ്പനി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ. പുതിയ ദേശീയ വിമാനക്കമ്പനിക്ക് റിയാദ് എയർലൈൻസ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ഒരു പിഐഎഫ് ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും റിയാദ് എയർ എന്ന് സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്യുന്നു.
പുതിയ കമ്പനിയുടെ അധ്യക്ഷൻ പിഐഎഫ് ഗവർണർ യാസിർ അൽ റുമയ്യനാണ്. വ്യോമയാനം, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ 40 വർഷത്തിലേറെ പ്രവർത്തിച്ച ടോണി ഡഗ്ലസായിരിക്കും സിഇഒ. റിയാദായിരിക്കും എയർലൈന്റെ തലസ്ഥാനം. എയർലൈനിന്റെ സീനിയർ മാനേജ്‌മെന്റിൽ സ്വദേശികളും അന്താരാഷ്ട്ര ജീവനക്കാരും ഉൾപ്പെടും. റിയാദിലെ കിംഗ് സൽമാൻ ഇന്റർനാഷണൽ എയർപോർട്ടിനായി 2022 നവംബറിൽ ഒരു മാസ്റ്റർപ്ലാൻ പുറത്തിറക്കിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിൽ ആയിരിക്കും ഇതിന്റെ പ്രവർത്തനങ്ങൾ.
2030 ഓടെ 100 ലധികം സ്ഥലങ്ങളിലേക്ക് സർവ്വീസ് നടത്താനാണ് പദ്ധതി. ഇതുവഴി 200,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വിലയിരുത്തലുണ്ട്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് സൗദി അറേബ്യയിലെ ടൂറിസം സ്പോട്ടുകൾ സന്ദർശിക്കാൻ എയർലൈൻ അവസരം നൽകും.