ഹൈദരാബാദ്: സൗദി അറേബ്യയിലെ മദീനക്ക് സമീപം ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് തെലങ്കാനയിൽ നിന്നുള്ള 45 തീർത്ഥാടകർ മരണപ്പെട്ട സംഭവത്തിൽ സൗദി സർക്കാർ അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് സൗദി ട്രാഫിക് അതോറിറ്റിയാണ് അന്വേഷണം നടത്തുന്നത്. ഇക്കാര്യത്തിൽ മറ്റു നിയമനടപടികളും സൗദിയിൽ പുരോഗമിക്കുകയാണ്.
ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസറുദ്ദീൻറെ നേതൃത്വത്തിൽ ഒരു ഔദ്യോഗിക സംഘത്തെ സൗദിയിലേക്ക് അയക്കാനും സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഒരു എഐഎംഐഎം എംഎൽഎയും മുതിർന്ന ന്യൂനപക്ഷകാര്യ ഉദ്യോഗസ്ഥനും ഈ സംഘത്തിൽ ചേരും.
അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും രണ്ട് കുടുംബാംഗങ്ങൾക്ക് സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യാത്രക്കാരുടെ പൂർണ്ണ വിവരങ്ങൾ ഉടൻ ശേഖരിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടർ ജനറലിനും നിർദ്ദേശം നൽകി. ദുരിതത്തിലായ കുടുംബങ്ങളെ സഹായിക്കുന്നതിനായി തെലങ്കാന സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം സ്ഥാപിച്ചു.
ബസിൽ ഉണ്ടായിരുന്ന 46 യാത്രക്കാരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാൾ സൗദ്ദിയിലെ ജർമൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെ സൗദ്ദിയിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സമീപകാലത്ത് സൗദിയിൽ ഉണ്ടായ ഏറ്റവും വലിയ അപകടമാണിത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ പറ്റാത്ത നിലയിലാണ്.




