സെല്‍ഫി എടുക്കാന്‍ വന്ന വ്യക്തിയോട് വിദ്വേഷം കാണിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതില്‍ വിശദീകരണവുമായി നടി സാനിയ ഇയ്യപ്പന്‍. മറ്റാരെയും പോലെ സ്വാകര്യ ജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിയാണ് താനും കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായ ഒരു മോശം അനുഭവത്തില്‍ നിന്നും ഇപ്പോഴും പൂര്‍ണമായും മുക്തമാകാന്‍ സാധിച്ചിട്ടില്ലെന്നും സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
ഓരോ തവണയും ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍ ഇതിന്റെ ഗൗരവം എല്ലാവര്‍ക്കും ഒരുപോലെയല്ല എന്ന സത്യവും മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല ഉദ്ദേശമെന്ന് സമൂഹത്ത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അബദ്ധവശാല്‍ അങ്ങനെ ചെയ്‌തെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നാണ് സാനിയ വിശദീകരിക്കുന്നത്.
സാനിയയുടെതായി വന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. സാനിയയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ എത്തിയ യുവാവ് സ്‌റ്റേജിലേക്ക് കയറിയപ്പോള്‍ കൂടെ ഉണ്ടായിരുന്ന രണ്ടാമത്തെയാള്‍ അടുത്തേക്ക് നില്‍ക്കുമ്പോള്‍ സാനിയ അകന്ന് നില്‍ക്കുന്നത് കാണാം. ഇതാണ് ചര്‍ച്ചയ്ക്ക് കാരണമായത്.
സാനിയ പറഞ്ഞതിന്റെ പൂര്‍ണരൂപം
ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ ചില വ്യക്തികള്‍ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയും പോലെ സ്വകാര്യ ജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എന്റെ ജീവിതത്തില്‍ ഒട്ടും മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി. ആ സംഭവത്തിന് ശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാന്‍ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍ ഇതിന്റെ ഗൗരവം എല്ലാവര്‍ക്കും ഒരുപോലെയല്ലെന്ന സത്യവും ഞാന്‍ മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശമെന്ന് സമൂഹത്തോട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്‌തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. എന്നെ മനസിലാക്കിയതിന് നന്ദി.