എല്ലാവരുടെയും ഇഷ്ട വിഭവമാണ് സാൻവിച്ച്. അപ്പോൾ സ്വർണം കൊണ്ട് ഉണ്ടാക്കിയ സാൻവിച്ച് ആയാൽ പ്രിയമേറും. ന്യൂയോർക്കിലെ സെറൻഡിപ്പിറ്റി 3 എന്ന റസ്റ്ററന്റിലാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ സാൻഡ്‌വിച്ച് എന്ന പദവി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ പോലും നേടിയ ഈ സാൻഡ്‌വിച്ച് വിൽക്കുന്നത്.
ക്വിന്റസൻഷ്യൽ ഗ്രിൽഡ് ചീസ് സാൻഡ്‌വിച്ച് എന്നാണ് ഇതിന്റെ പേര്. ഒരു സാൻഡ്‌വിച്ചിന് 17000 രൂപയാണ് വില. ചെലവേറിയതും ലഭിക്കാൻ പ്രയാസമുള്ളതുമായ ചേരുവകൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഡോം പെരിഗ്നോൺ ഷാംപെയ്‌ൻ, ഭക്ഷ്യയോഗ്യമായ ഗോൾഡ് ഫ്ലേക്കുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഫ്രഞ്ച് പുൾമാൻ ഷാംപെയ്ൻ ബ്രെഡ് ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. വിലയേറിയതും അതിവിശിഷ്ടവുമായ ചീസ് ആണ് ഇതിൽ ഉപയോഗിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ലോബ്സ്റ്റർ ടൊമാറ്റോ ബിസ്ക് സോസും ഇതിനോടൊപ്പം ലഭിക്കും. കൂടാതെ ഇത് വിളമ്പുന്നത് തന്നെ വിലയേറിയ ക്രിസ്റ്റൽ പ്ലേറ്റുകളിലാണ്.
ഇത് കഴിക്കണമെങ്കിൽ ഓഡർ ചെയ്ത് 48 മണിക്കൂർ നേരമെങ്കിലും കാത്തിരിക്കണം. ജോ കാൾഡറോൺ ആണ് ഈ സാൻഡ്‌വിച്ചിന്റെ സൃഷ്ടാവ്. ലോകത്തെ ഏറ്റവും വില കൂടിയ ബർഗറും മിൽക്ക് ഷെയ്ക്കും സൺഡേയുമെല്ലാം കാൽഡറോണിന്റെ സൃഷ്ടികളാണ്.