മെക്സിക്കോയിൽ ഇനി മുതൽ സ്വവർഗവിവാഹം നിയമവിധേയമാവുന്നു. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബിൽ മെക്‌സിക്കൻ സംസ്ഥാനമായ തമൗലിപാസ് നിയമസഭയാണ് പാസാക്കിയത്. ഇതോടെ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന മെക്‌സിക്കോയിലെ 32-ാമത്തെയും അവസാനത്തെയും സംസ്ഥാനമായി മാറുകയാണ് തമൗലിപാസ്.
സ്വവർഗവിവാഹം നിയമവിധേയമാക്കാൻ സിവിൽ കോഡ് ഭേദഗതി ചെയ്യണം. ഇതിനായി അവതരിപ്പിച്ച ബിൽ 12 നെതിരെ 23 വോട്ടുകൾക്ക് അംഗീകരിച്ചു. അതേസമയം 2015-ൽ സ്വവർഗവിവാഹം തടയുന്ന സംസ്ഥാന നിയമം സുപ്രിംകോടതി നിരോധിച്ചിരുന്നു. എങ്കിലും ചില സംസ്ഥാനങ്ങൾ നിയമം ഭേദഗതി വരുത്തിയിരുന്നില്ല.
ബിൽ പാസാക്കിയ നടപടിയെ മെക്‌സിക്കോ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അർതുറോ ജൽദിവർ സ്വാഗതം ചെയ്തു. ഈ വർഷം ഏഴ് സംസ്ഥാനങ്ങളിലാണ് വിവാഹ സമത്വം കൊണ്ടുവന്നത്. അവയിൽ മൂന്നെണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ നടപ്പാക്കി.