ലോകകപ്പ് ഫുട്ബോള്‍ ആവേശത്തിൽ നാട് മുഴുകുമ്പോൾ ആരാധകർക്ക് നിർദേശവുമായി സമസ്ത ഖുതുബ കമ്മറ്റി. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിരു കടക്കരുതെന്നും സമസ്ത ഖുതുബ കമ്മറ്റി ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
സ്വന്തം രാജ്യത്തേക്കാള്‍ മറ്റ് രാജ്യങ്ങളെ സ്നേഹിക്കുകയാണെന്നും ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പള്ളികളില്‍ ഇന്ന് ഉച്ചയ്ക്ക് പ്രാര്‍ത്ഥനയ്ക്ക് ശേഷം ഈ വിഷയം ചൂണ്ടിക്കാണിച്ച് മുന്നറിയിപ്പ് നല്‍കുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
നിത്യഭക്ഷണത്തിനുപോലും ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ കട്ടൗട്ടുകള്‍ ഉയര്‍ത്താനും മറ്റും വന്‍ തോതില്‍ സമ്പത്ത് വിനിയോഗിക്കുന്ന രീതി ചെറുപ്പകാര്‍ക്കിടയില്‍ വര്‍ധിച്ച് വരികയാണ്. അതോടൊപ്പം കുട്ടികളുടെ പഠനങ്ങള്‍ക്ക് പോലും ഭംഗം വരുകയും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുകയുമാന്നും നാസര്‍ ഫൈസി പറഞ്ഞു.
താരങ്ങളെ ആരാധിക്കുന്ന രീതി ശരിയല്ല. ദൈവത്തെ മാത്രമേ ആരാധിക്കൂ. രാത്രി ഉറക്കമിളച്ച് കളികാണുന്ന ആളുകള്‍ രാവിലെ പ്രാര്ഥനകള്ക്കെത്താത്ത സാഹചര്യം കൂടി കണക്കിലെടുത്താണ് നിർദേശം നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ പുതുതലമുറയുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നവരും അതിനെ നിരുത്സാഹപ്പെടുത്താത്തവരുമാണ്. എന്നാല്‍ ഇത് ജ്വരമായി മാറുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.