ചെന്നൈ: കരൂർ ദുരന്തത്തിൽ പ്രചരണ പരിപാടികളിലേക്ക് തിരിച്ചെത്താനുള്ള നടൻ വിജയ് യുടേയും തമിഴകം വെട്രി കഴകത്തിൻ്റേയും നീക്കങ്ങൾക്ക് തിരിച്ചടി. ടിവികെ സേലത്ത് നടത്താൻ നിശ്ചയിച്ച പൊതുയോഗത്തിന് അനുമതിയില്ല.
ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ അനുമതി നൽകിയെങ്കിലും അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു.
എന്നാൽ, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പൊലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടിവികെ നൽകിയേക്കും. കരൂർ ദുരന്തത്തിന് ശേഷം ടിവികെയുടെ ആദ്യ യോഗം ആണ് സേലത്ത് നിശ്ചയിരുന്നത്.
കരൂർ ദുരന്തത്തോടെ നിർത്തിവച്ച വിജയ്യുടെ സംസ്ഥാന പര്യടനം പൂർത്തിയാവട്ടെ എന്ന നിലപാടാണ് ഡിഎംകെയ്ക്ക്. അതിനാൽ തന്നെ വിജയ് അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് പൊതുയോഗങ്ങൾക്ക് അനുമതി കിട്ടും. വിജയ്ക്ക് എതിരെ നിലപാട് എടുത്ത് ടിവികെ അനുകൂല വികാരം സൃഷ്ടിക്കപ്പെടരുതെന്ന ജാഗ്രതയിലാണ് ഡിഎംകെയും തമിഴ്നാട് സർക്കാരും. വിജയ് പര്യടനവുമായി സജീവമാകുന്നതോടെ മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെ കൂടുതൽ ദുർബലപ്പെടുന്ന പ്രതീക്ഷയും ഡിഎംകെയ്ക്ക് ഉണ്ട്.




