സൗദി അറേബ്യയിൽ ആരംഭിച്ച പുതിയ വിമാന കമ്പനി റിയാദ് എയറിൻ്റെ കന്നി പറക്കൽ ഇന്ന്. സൗദി പ്രാദേശിക സമയം ഒരു മണിയോടെ റിയാദ് എയർ വിമാനം റിയാദ് നഗരത്തിന് മുകളിലൂടെ താഴ്ന്നു പറക്കും. ജനങ്ങൾക്ക് കാണാൻ വേണ്ടി മാത്രമായാണ് ഇന്നത്തെ പറക്കൽ. വിമാനത്തിൻ്റെ സ്ഥിരം സർവ്വീസ് എന്ന് മുതൽ ആരംഭിക്കും എന്നതിൽ പിന്നീട് പ്രഖ്യാപനമുണ്ടാവും. 2030-ഓടെ ലോകത്തെ നൂറ് നഗരങ്ങളിലേക്ക് സർവ്വീസ് തുടങ്ങാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ആദ്യം നടത്തിയത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളിലെ പ്രധാന എയർലൈൻ കമ്പനിയായി ഉയരാനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. സൗദ്ദി സർക്കാരിൻ്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള എയർലൈനിൻ്റെ ചെയർമാൻ ഗവർണർ യാസിർ അൽ-റുമയ്യൻ ആണ്. ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പിന്റെ മുൻ മേധാവിയായിരുന്ന ടോണി ഡഗ്ലസ് ആണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ.
എണ്ണ ഇതര സാമ്പത്തികവ്യവസ്ഥ ശക്തിപ്പെടുത്താനുള്ള സൗദ്ദി സർക്കാരിന്റെ ശ്രമങ്ങളിൽ വളരെ നിർണായകമാണ് റിയാദ് എയറിൻ്റെ വരവ്. ഏതാണ്ട് 20 ബില്ല്യൺ ഡോളർ വിമാനക്കമ്പനിക്കായി ചിലവാക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതിലൂടെ രണ്ട് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്‌സ് തുടങ്ങി അറബ് മേഖലയിലെ പ്രമുഖ എയർലൈൻ കമ്പനികൾക്ക് കടുത്ത മത്സരമായിരിക്കും റിയാദ് എയറിലൂടെ സൗദ്ദി ഉയർത്തുക.
റിയാദ് എയറിനുള്ള പുതിയ വിമാനങ്ങൾ വാങ്ങാനായി പ്രമുഖ വിമാനനിർമ്മാണ കമ്പനികളായ എയർബസുമായും ബോയിംഗുമായും ഇതിനോടകം ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണെന്നാണ് വിവരം. ഏകദേശം 80 വിമാനങ്ങൾ വാങ്ങാനാണ് റിയാദ് എയർ ഉദ്ദേശിക്കുന്നത്. പുതിയ സാങ്കേതിക വിദ്യങ്ങളുള്ള അത്യാധുനിക വിമാനങ്ങൾ വാങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് റിയാദ് എയർ നേരത്തെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.