തിരുവനന്തപുരം : കടുത്ത ചൂടിന് ആശ്വാസമായി തിരുവോണ നാളിൽ മഴ പെയ്യുന്നു. മധ്യ – തെക്കൻ ജില്ലകളിലാണ് മഴ കൂടുതൽ ശക്തം. വയനാട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ ഇടവിട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ അറിയിച്ചു. അറബിക്കടലിലെ മേഘങ്ങളുടെ സാന്നിധ്യവും കേരളത്തിന് മുകളിലെ ഈർപ്പന്തരീക്ഷവും മഴ കിട്ടാൻ അനുകൂലമാണ്. ഇന്നലെ തലസ്ഥാനത്ത് പലയിടത്തും രാത്രി മഴ പെയ്തു. തിരുവോണത്തിനും തലസ്ഥാനത്ത് മഴയുണ്ട്. വിവിധ ജില്ലകളിലെ മലയോര മേഖലകളിലും മഴ പൊടിപൊടിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിൽ ചൂട് കൂടുമെന്ന അറിയിപ്പുണ്ടായിരുന്നു. ആറ് ജില്ലകളിലാണ് ഇന്നലെ താപനില കൂടുമെന്ന മുന്നറിയിപ്പുണ്ടായിരുന്നത്. സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.