ലക്നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്. 2019-ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇവിടെ രാഹുലിനെ പരാജയപ്പെടുത്തി എംപിയായിരുന്നു. സ്മൃതി ഇറാനിക്കെതിരെ 2024-ൽ രാഹുൽ മത്സരിക്കും എന്നാണ് അജയ് റായ് വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിനിധീകരിക്കുന്ന വാരണാസി മണ്ഡലത്തിൽ മത്സരിക്കാൻ പ്രിയങ്കാ ഗാന്ധി താത്പര്യം പ്രകടിപ്പിച്ചാൽ പാർട്ടിയുടെ മുഴുവൻ സംഘടനാ സംവിധാനവും പ്രവർത്തകരും അതിനായി അണിനിരക്കുമെന്നും അജയ് റായ് പറഞ്ഞു. എങ്കിലും പ്രിയങ്ക എവിടെ മത്സരിക്കുമെന്ന് അവർ തന്നെ തീരുമാനിക്കും. എവിടെ മത്സരിച്ചാലും പാർട്ടി വേണ്ട പിന്തുണ കൊടുക്കും. തെരഞ്ഞെടുപ്പ് വിഷയങ്ങളിലും സ്ഥാനാർത്ഥിത്വത്തിൻ്റെ കാര്യത്തിലും പാർട്ടി കേന്ദ്രനേതൃത്വമാണ് തീരുമാനം എടുക്കേണ്ടതെന്നും അജയ് വ്യക്തമാക്കി.
2019ൽ വാരാണസിയിൽ പ്രധാനമന്ത്രി മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ പരന്നപ്പോൾ അവസാന നിമിഷം അജയ് റായിയെ വാരാണസിയിൽ നിന്ന് മത്സരിപ്പിക്കുകയായിരുന്നു. 2014ലും അജയ് റായ് വാരാണസിയിൽ നിന്ന് മത്സരിച്ച് നരേന്ദ്ര മോദിയോട് പരാജയപ്പെട്ടിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ്, ബ്രിജ്‌ലാൽ ഖാബ്രിക്ക് പകരം അജയ് റായിയെ ഉത്തർപ്രദേശ് കോൺഗ്രസിന്റെ പ്രസിഡന്റായി നിയമിച്ചു.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും വയനാട്ടിൽ നിന്നും മത്സരിച്ചിരുന്നു. സിറ്റിംഗ് സീറ്റായ അമേഠിയിൽ അദ്ദേഹം പരാജയപ്പെട്ടപ്പോൾ വയനാട്ടിൽ വൻഭൂരിപക്ഷത്തിൽ വിജയിച്ചു. രാഹുലിനെ പരാജയപ്പെടുത്തിയോടെ ബിജെപിയിൽ സ്മൃതി ഇറാനിയുടെ പ്രാധാന്യവും വർധിച്ചു.
2019-ലെ മോദി സമുദായത്തെ ആക്ഷേപിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് രാഹുലിന് ലോക്‌സഭാ അംഗത്വം നഷ്ടപ്പെട്ടു. എന്നാൽ രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധിക്ക് സുപ്രീം കോടതി ഇടക്കാല സ്‌റ്റേ നൽകിയതോടെ അദ്ദേഹത്തിന്റെ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടു. 2019-ലേത് പോലെ വയനാട്ടിലും അമേതിയിലും രാഹുൽ മത്സരിക്കുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.