തിരുവനന്തപുരം: ലൈംഗീക ആരോപണത്തെ തുടർന്നുള്ള വിവാദങ്ങൾക്കിടെയാണ് പാലക്കാട് എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത്. സഭയിലെത്തിയതിന് പിന്നാലെ മണ്ഡലമായ പാലക്കാടും വരും ദിവസങ്ങളിൽ രാഹുൽ സജീവമാകും എന്നാണ് സൂചന. ശനിയാഴ്ച തന്നെ രാഹുൽ പാലക്കാടെത്തി പൊതുപരിപാടികളിൽ പങ്കെടുത്തേക്കും. രാഹുൽ സഭയിലുണ്ടാവരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കർശന നിലപാട് എടുത്തെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ തിരുവനന്തപുരത്തേക്ക് എത്തിയതെന്നാണ് സൂചന. എന്നാൽ സഭയിലെ സാന്നിധ്യം വരും ദിവസങ്ങളിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലേക്കും.
അതേസമയം, പൊതുപരിപാടിയിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നാണ് ഡിവൈഎഫ്ഐയും ബിജെപിയും വ്യക്തമാക്കുന്നത്.അന്തരിച്ച മുൻ നിയമസഭാ സമാജികര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനിടെ എംഎൽഎയുടെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് ഇന്ന് രാവിലെ 9.20ന് രാഹുൽ സഭയിലേക്ക് എത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും അടൂരിലെ വിശ്വസ്തനുമായ റെനോ പി. രാജൻ, തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ , എംഎൽഎയുടെ സഹായി ഫസൽ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷനിരയുടെ ഏറ്റവും പിന്നിൽ പ്രത്യേക ബ്ലോക്കായാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ ഇരുന്നത്. മുൻപ് പിവി അൻവര്‍ ഇരുന്ന സീറ്റാണിത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ ഇന്ന് സഭയിലെത്തിയത്. അടൂരിലെ വീട്ടിൽ നിന്ന് ഇന്ന് പുലര്‍ച്ചെ അതീവ രഹസ്യമായിട്ടാണ് രാഹുൽ തിരുവനന്തപുരത്തേക്ക് തിരിച്ചത്.
ചരമോപപാചര ദിനമായതിനാൽ രാഹുലിനെതിരെ നിയമസഭയിൽ ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തിയില്ല. പ്രതിപക്ഷനേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണ് രാഹുലിനെന്ന് ഇപി ജയരാജൻ വിമര്‍ശിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് നിയമസഭ ആദരമര്‍പ്പിച്ചു. കേവല രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് പോയ വിഎസിന് പാർട്ടി അകമഴിഞ്ഞ പിന്തുണ നൽകിയിരുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വാഴൂർ സോമൻ, പിപി തങ്കച്ചൻ എന്നിവർക്കും നിയമസഭ ആദരമര്‍പ്പിച്ചു. പ്രതിപക്ഷനേതാവടക്കമുള്ള നേതാക്കള്‍ അനുസ്മരിച്ചു. അതേസമയം, നിയമസഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല. സഭയിലെത്തിയ രാഹുലുമായി നജീബ് കാന്തപുരവും എ.കെ.എം അഷ്റഫും സംസാരിച്ചു. യു.എ ലത്തീഫ് രാഹുലിന്‍റെ ബ്ലോക്കിൽ വന്നിരുന്ന് സംസാരിച്ചു. ടി.വി ഇബ്രാഹിമും രാഹുലിന്‍റെ സീറ്റിനടുത്ത് വന്ന് സംസാരിച്ചു. നടപടികൾ പൂർത്തിയാക്കി സഭ പിരിയും മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സഭാതലത്തിൽ നിന്ന് ഇറങ്ങി എംഎൽഎ ഹോസ്റ്റലിലേക്ക് പോയി.