ജിദ്ദ: ടൗൺ ടീം സ്ട്രൈക്കേഴ്സ് താരവും മലപ്പുറം സ്വദേശിയുമായ ഫുട്ബോളർ ഷാഹിദ് (ഈപ്പു) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് അബോധാവസ്ഥയിലായ ഷാഹിദിനെ ബുധനാഴ്ച്ചയാണ് ജിദ്ദയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. 33 വയസ്സായിരുന്നു.
ജിദ്ദയിലെ മലയാളി പ്രവാസികൾക്കിടയിൽ സുപരിചിതനായ ഫുട്ബോൾ പ്ലെയറായിരുന്നു ഷാഹിദ്. മലപ്പുറം അരീക്കോട് തേരട്ടമ്മൽ സ്വദേശിയായ ഷാഹിദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ സ്വന്തമായി ഹോട്ടൽ നടത്തി വരികയായിരുന്നു. മയ്യത്ത് മറവ് ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ഒരാഴ്ച മുൻപാണ് നാട്ടിൽ നിന്നും ഭാര്യയേയും അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനേയും ഷാഹിദ് സന്ദർശക വിസയിൽ ജിദ്ദയിലേക്ക് കൊണ്ടു വന്നത്. ഇന്നലെയായിരുന്നു ഷാഹിദിൻ്റെ രണ്ടാം വിവാഹവാർഷികം. പരേതനായ കാറങ്ങാടൻ അബ്ദുറഹിമാൻ ആണ് ഷാഹിദിൻ്റെ പിതാവ്. മാതാവ് ആയിഷ. മർസ്സീനയാണ് ഭാര്യ. മകൻ ഇവാൻ ആദം.