കേരളത്തില്‍ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്. ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ഘടകം അറിയിച്ചു. ദേശീയ-സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിന്‍റെ ഭരണകൂട വേട്ടക്കെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പിലൂടെ അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ഹർത്താല്‍ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്ഐ ജനറല്‍ സെക്രട്ടറി എ അബ്ദുൽ സത്താർ ആവശ്യപ്പെട്ടു.
പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയിൽ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കമുള്ള നേതാക്കളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ എട്ട് പേരെ ഡൽഹിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.