ഇന്ത്യൻ പ്രവാസികളിൽനിന്ന് ECR(Emigration Check Required) പ്രകാരം ശേഖരിച്ച കോടിക്കണക്കിന് രൂപ കേന്ദ്രസർക്കാരിന്റെ കൈവശം. 1983 മുതൽ 2003 വരെ എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പ്രവാസികളിൽനിന്ന് ഈടാക്കിയതാണ് ഈ തുക. പ്രവാസികൾക്ക് അവകാശപ്പെട്ട ഈ വൻതുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ, അഡ്വ. ജോസ് എബ്രഹാം മുഖേന സമർപ്പിച്ച റിട്ട് ഹർജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് കേന്ദ്രസർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടു. ഇസിആർ ഡെപ്പോസിറ്റ് ഇനത്തിൽ കൃത്യമായി എത്രതുകയുണ്ടെന്ന് പരിശോധിച്ച് ജൂലെ 29ാം തിയതി ഹൈക്കോടതി മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വിഎം എന്നിവരടങ്ങിയ രണ്ടംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. രാജ്യത്തെ വിവിധ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് യഥാർത്ഥ കണക്കുകൾ കണ്ടെത്താൻ ഒരുമാസത്തെ സമയം ആവശ്യമാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഒഎം ശാലീന കോടതിയെ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച ചില സെക്യൂരിറ്റി നിക്ഷേപങ്ങൾ യഥാർത്ഥ നിക്ഷേപകർക്ക് ഇതിനകം തന്നെ തിരികെ നൽകിയിട്ടുണ്ടെന്നും ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 2026 ഫെബ്രുവരി 27നാണ് മാത്തുക്കുട്ടി കടോൺ സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്.
1983 മുതൽ 2003 നവംബർ 25 വരെയുള്ള കാലയളവിൽ വിദേശത്തേയ്ക്ക് പോകുന്ന ബിരുദമില്ലാത്ത ഇന്ത്യക്കാർ (ചുരുങ്ങിയ മറ്റുചില ഗണത്തിൽപ്പെടുന്നവർ ഒഴിച്ച്) എമി ഗ്രേഷൻ ക്ലിയറൻസിനായി ഒരു വശത്തേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കെട്ടിവെയ്ക്ക ണം എന്നതായിരുന്നു നിയമം. ക്ലിയറൻസിനായി ഇക്കാലയളവിൽ ഇസിആർ കാറ്റഗറി യിൽപ്പെടുന്ന എല്ലാ ഇന്ത്യക്കാരും ഈ തുക കെട്ടിവെച്ചിരുന്നു.(Copy of receipt attached) 20 വർഷംകൊണ്ട് ഈ ഗണത്തിൽ കോടിക്കണക്കിന് രൂപയാണ് കേന്ദ്രസർ ക്കാരിന്റെ കൈവശം എത്തിയത്. 2003-ൽ പ്രവാസി ഭാരതീയ ബീമാ യോജന (Pravasi Bharatiya Bima Yojana) നിലവിൽ വന്നതോടെ ഈ പദ്ധതി അവസാനിപ്പിച്ചെങ്കിലും, ഇതുവരെ എത്ര തുക ശേഖരിച്ചു, എത്ര തുക തിരികെ നൽകി, ഇപ്പോൾ സർക്കാരിന്റെ കൈവശം എത്ര തുക അവശേഷിക്കുന്നു തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, 2006-ൽ എംപി ടികെ ഹംസ പാർലമെന്റിൽ ഉന്നയിച്ച ഒരു ചോദ്യത്തിൽ ഏകദേശം 5,000 കോടി രൂപ ഈ ഇനത്തിൽ ‘ഡെഡ് മണി’യായി കിടക്കുന്നതായും രേഖപ്പെടുത്തിയിരുന്നു.(Evidence attached)
യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, മലേഷ്യ, ലിബിയ, ജോർദാൻ, യെമെൻ, സുഡാൻ, ബ്രൂണെയ്, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, സിറിയ, ലെബനൻ, തായ്ലൻഡ്, ഇറാഖ് ഉൾപ്പെടെ 18 രാജ്യങ്ങളിലേയ്ക്ക് പോകുന്ന പ്രവാസി കൾക്കായിരുന്നു ഈ നിയമം ബാധകം. കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ, കൊൽക്കത്തയടക്കമുള്ള അന്താരാഷ്ട്രവിമാനത്താവളത്തിലൂടെ ലക്ഷക്കണക്കിന് യാത്ര ക്കാരാണ് ഇസിആർ ഗണത്തിൽ യാത്ര ചെയ്തത്. കേന്ദ്രസർക്കാർ കണക്കുകൾ പ്രകാ രം, 2000ൽ 2.43 ലക്ഷം ആളുകളും 2001ൽ 2.79 ലക്ഷം പേരും 2002ൽ 3.68 ലക്ഷം പേരും 2003ൽ 4.66 ലക്ഷം പേരും ഈ വിഭാഗത്തിൽ യാത്ര ചെയ്തു. വിഷയം പലയാവർത്തി കേരളത്തിലെ എംപിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇടപെടൽ ഉണ്ടായില്ലെന്നും മാത്തുക്കുട്ടി കടോൺ പറഞ്ഞു. പിന്നാലെയാണ് ഹൈ ക്കോടതിയെ സമീപിച്ചത്.
ഇന്ത്യൻ പ്രവാസി തൊഴിലാളികളിൽ നിന്ന് ശേഖരിച്ച പൊതുപണത്തിന്റെ കണക്കെടുപ്പ്, പരിപാലനം, സുതാര്യത എന്നിവയെക്കുറിച്ചുള്ള നിർണായക ചോദ്യങ്ങളാണ് ഈ പൊതുതാൽപര്യ ഹർജി ഉയർത്തുന്നത്. കൂടാതെ, അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുക, നിയമാനുസൃതമായ റീഫണ്ട് അപേക്ഷകൾ പരിഗണിക്കുക, അവകാശികളില്ലാതെ ശേഷിക്കുന്ന തുക നിയമാനുസൃതവും പൊതുതാൽപര്യപരവുമായ രീതിയിൽ പ്രവാസികൾക്കായി വിനിയോഗിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.


