ലാഹോർ: ഐസിസി ലോകകപ്പിൽ പങ്കെടുക്കേണ്ട പാക്കിസ്ഥാൻ ടീമിന് ഇതുവരെ വിസ അനുവദിച്ച് കിട്ടിയില്ലെന്ന് റിപ്പോർട്ട്. ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാൻ ടീമിന് ഇതുവരെ വിസ ലഭിച്ചിട്ടില്ലെന്നും ഇതുകാരണം ദുബായിൽ വന്നു ഇന്ത്യയിലേക്ക് പോകാനുള്ള പദ്ധതി പാക്കിസ്ഥാൻ ടീം ഒഴിവാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ലാഹോറിൽ നിന്നും നേരിട്ട് ഇന്ത്യയിലേക്ക് പോകാനാണ് ഇപ്പോൾ പാക്കിസ്ഥാൻ ടീമിൻ്റെ ആലോചന. ലാഹോറിൽ നിന്നും നേരിട്ട് ഡൽഹിയിൽ എത്തുന്ന പാക് ടീം അവിടെ നിന്നും ഹൈദരാബാദിലേക്ക് പോകും എന്നാണ് നിലവിലെ ധാരണ.
ഒരാഴ്ച മുൻപേ തന്നെ പാക്കിസ്ഥാൻ ടീം അംഗങ്ങൾ വിസയ്ക്ക് വേണ്ടിയാണ് അപേക്ഷിച്ചിരുന്നുവെന്നാണ് ടീം വൃത്തങ്ങൾ പറയുന്നത്. സെപ്തംബർ 29-ന് ഹൈദരാബാദിൽ വച്ച് ന്യൂസിലാൻഡിനെതിരെ പാക്കിസ്ഥാൻ സന്നാഹ മത്സരം കളിക്കുന്നുണ്ട്. സുരക്ഷാകാരണങ്ങൾ മുൻനിർത്തി ഈ മത്സരത്തിന് കാണികളെ അനുവദിച്ചിട്ടില്ല. ഒക്‌ടോബർ മൂന്നിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് പാകിസ്ഥാൻ്റെ രണ്ടാം സന്നാഹ മത്സരം
അതേസമയം സെപ്റ്റംബർ 27 ബുധനാഴ്ച ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ തക്കവണ്ണം പാക്കിസ്ഥാൻ ടീമിന് വിസ അനുവദിക്കും എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. 2016 ടി20 ലോകകപ്പിന് ശേഷം പാക്കിസ്ഥാന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഓൾറൗണ്ടർ മുഹമ്മദ് നവാസ് മാത്രമാണ് പാക്കിസ്ഥാൻ ടീമിലെ ഇന്ത്യയിൽ കളിച്ചിട്ടുള്ള ഏക അംഗം. പാക്കിസ്ഥാന്റെ 15 അംഗ ലോകകപ്പ് ടീമിലെ മറ്റെല്ലാ അംഗങ്ങൾക്കും ഇന്ത്യയിലേക്കുള്ള ആദ്യയാത്രയാണിത്.