ചിക്കാഗോയിലെ വാഷിങ്ടൺ പാർക്കിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. പാർക്കിന്റെ വടക്കേ അറ്റത്ത് 51ാം സ്ട്രീറ്റിനും ചാബ്ലെയ്ൻ അവെന്യൂവിനും സമീപമാണ് വെടിവയ്പ്പ് നടന്നത്. രാത്രി ഏഴ് മണിക്ക് ശേഷം വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും ഒരാൾ മരിച്ചിരുന്നു. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വഴക്കാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് ഏരിയ വൺ ചിക്കാഗോ പോലീസ് ഡെപ്യൂട്ടി ചീഫ് ഫ്രെഡ് മെലൻ അറിയിച്ചു.
ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയും അഗ്നിരക്ഷാസേനയാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. എന്നാൽ ഇതുവരെയും വെടിവെപ്പ് നടത്തിയതാരെന്ന് പോലിസ് കണ്ടുപിടിച്ചിട്ടില്ല. ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ അവരോട് പോലിസ് സ്റ്റേഷനുമായി ബന്ധപ്പെടാനാണ് നിർദ്ദേശിച്ചിട്ടുള്ളത്.