മസ്‌കറ്റ്: ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനും സംഭാവനകൾക്കും ആദരമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ, ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് സമ്മാനിച്ചു. പുരസ്കാരത്തോടൊപ്പം അമൂല്യമായ സമ്മാനങ്ങളും ഒമാൻ സുൽത്താൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകി.
ജോർദാനും എത്യോപ്യയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പര്യടനത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഒമാനിൽ എത്തിയത്. വിദേശരാജ്യങ്ങളിൽ നിന്നും പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 28-ാം സിവിലിയൻ പുരസ്കാരമാണിത്. എത്യോപ്യയുടെ ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ, കുവൈറ്റിന്റെ ഓർഡർ ഓഫ് മുബാറക് അൽ-കബീർ തുടങ്ങിയവയാണ് സമീപകാലത്ത് മോദിക്ക് കിട്ടിയ ഉന്നത പുരസ്കാരങ്ങൾ
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് മസ്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സംസ്കാരം എന്നീ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇരുരാജ്യങ്ങളും തമ്മിൽ സന്ദർശനത്തിനിടെ കരാറുകളിൽ ഒപ്പിട്ടിരുന്നു. ബുധനാഴ്ച ഒമാനിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ഗാർഡ് ഓഫ് ഓണറോടെ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
ചൊവ്വാഴ്ച, ഇന്ത്യ-എത്യോപ്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അസാധാരണ സംഭാവനകൾക്കും ആഗോള രാഷ്ട്രതന്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനും അംഗീകാരമായി, എത്യോപ്യയുടെ പരമോന്നത ബഹുമതിയായ “ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ” പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഡിസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് ലഭിച്ചു.




