ബാലസോർ: ഒഡീഷയിൽ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സർക്കാർ സ്‌കൂൾ കെട്ടിടം പൊളിച്ചു കളഞ്ഞു. 288 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിന് ശേഷം താൽക്കാലിക മോർച്ചറിയായി ഉപയോഗിച്ചിരുന്ന ബാലസോറിലെ ബഹനാഗ സർക്കാർ സ്കൂളിലെ കെട്ടിടമാണ്. നൂറുകണക്കിന് മൃതദേഹങ്ങൾ സൂക്ഷിച്ച കെട്ടിടത്തിലേക്ക് പഠിക്കാൻ പോയിട്ട് തിരികെ ചെല്ലാൻ പോലുമുള്ള മാനസികാവസ്ഥയിലല്ല വിദ്യാർത്ഥികളും അധ്യാപകരും. ഇതോടെയാണ് കെട്ടിടം ഇന്ന് പൊളിച്ചു കളഞ്ഞത്.
വിദ്യാർത്ഥികളും രക്ഷിതാക്കളും കെട്ടിടത്തിലേക്ക് മടങ്ങാൻ മടിച്ചതിനാൽ പഴയ സ്കൂൾ കെട്ടിടം പൊളിക്കണമെന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. കെട്ടിടം ഇപ്പോൾ സുരക്ഷിതമല്ലെന്നും ട്രെയിനപകടം വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ഒരു പോലെ ആഘാതമുണ്ടാക്കിയെന്നും സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
ജൂൺ രണ്ടിന് വൈകിട്ട് ട്രെയിൻ അപകടമുണ്ടായതിന് പിന്നാലെ രാത്രിയോടെ സ്കൂൾ കെട്ടിടത്തിലേക്ക് മൃതദേഹങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു. മണിക്കൂറുകൾ പിന്നിടവേ നൂറുകണക്കിന് മൃതദേഹങ്ങൾ സ്കൂളിലേക്ക് എത്തി. അടുത്ത ദിവസം മുഴുവൻ ഇവിടെ കിടന്ന മൃതദേഹങ്ങൾ പിന്നീടാണ് ഒഡീഷ എയിംസിലെ മോർച്ചറിയിലേക്ക് മാറ്റിയത്.
ഇത്ര ദാരുണമായ ദുരന്തങ്ങൾ കാണേണ്ടി വന്ന വിദ്യാർത്ഥികൾക്ക് ഓടി കളിച്ചിരുന്ന സ്കൂൾ മുറ്റത്തേക്ക് തിരികെ ചെല്ലാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് ബഹനാഗ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രമീള സ്വയിൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സ്കൂളിലെ ചില സീനിയർ വിദ്യാർത്ഥികളും എൻസിസി കേഡറ്റുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നുവെന്നും പ്രധാനാധ്യാപിക പറയുന്നു. ചെറിയ കുട്ടികൾക്ക് ആണ് കൂടുതൽ ഭയമെന്നും അവർ പറഞ്ഞു. കുട്ടികളുടെ പേടി മാറ്റാൻ ചില മതാചാര ചടങ്ങുകളും മറ്റും അവിടെ നടത്താൻ പദ്ധതിയിട്ടെങ്കിലും ഒടുവിൽ കെട്ടിടം തന്നെ പൊളിച്ചു കളയാനുള്ള തീരുമാനത്തിലേക്ക് സ്കൂൾ മാനേജ്മെൻ്റ് എത്തുകയായിരുന്നു.