ബി.ജെ.പി തന്നെ എങ്ങനെയൊക്കെ വേട്ടയാടിയാലും താന്‍ വയനാട്ടിലെയും ഇന്ത്യയിലെയും ജനതയ്‌ക്കൊപ്പമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി. എം.പി എന്നത് ഒരു ടാഗ് മാത്രമാണ്. ബിജെപിക്ക് അത് എടുത്ത് മാറ്റാന്‍ കഴിഞ്ഞേക്കും. എന്നെ ജയിലിലടയ്ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ വയനാട്ടിലെ ജനതയെ പ്രതിനിധീകരിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ അവരെക്കൊണ്ട് ആവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം കേരളത്തിലെത്തി. അയോഗ്യനാക്കിയതിന് പിന്നാലെ രാഹുല്‍ പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടിയാണ് വയനാട്ടിലേത്. റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയക്കും പ്രിയങ്കയ്ക്കുമൊപ്പം കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കെ മുരളീധരന്‍ എന്നിവരും പങ്കെടുത്തു.
ഏത് കാര്യവും ധൈര്യത്തോടെ തുറന്നുപറയുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന് പരിപാടിയില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം വയനാട്ടിലെ ജനത രാഹുല്‍ ഗാന്ധിയെ നന്നായി മനസിലാക്കിയിട്ടുണ്ടാകും. നിങ്ങളുടെ എം.പിയുടെ ഭാവി ഇന്ന് കോടതിയിലാണ്. പാര്‍ലമെന്റിനോട് ചോദ്യം ചോദിക്കുക എന്നത് ഒരു പാര്‍ലമെന്റേറിയന്റെ കടമയാണ്. ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ പരിഹസിക്കാനും വളഞ്ഞിട്ടാക്രമിക്കുവാനും ശ്രമിക്കുകയാണ് ഭരണകൂടമെന്നും പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ നിന്ന്
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ നിങ്ങളുടെ എം.പിയായി ഇവിടേക്ക് വന്നത്. എന്നെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് ക്യാംപയിന്‍ അങ്ങേയറ്റം വ്യത്യസ്തമായ ഒന്നായിരുന്നു. ഞാന്‍ കേരളീയനല്ല, പക്ഷെ ഞാനും നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണെന്നാണ് ഇവിടുന്ന് എനിക്ക് അനുഭവപ്പെട്ടത്.
എം.പി എന്നത് ഒരു ടാഗ് മാത്രമാണ്. ബിജെപിക്ക് അത് എടുത്ത് മാറ്റാന്‍ കഴിഞ്ഞേക്കും. എന്നെ ജയിലിലടയ്ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ വയനാട്ടിലെ ജനതയെ പ്രതിനിധീകരിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ അവരെക്കൊണ്ട് ആവില്ല. വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുക എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്, അത് ബഫര്‍സോണ്‍ വിഷയം, മെഡിക്കല്‍ കോളേജ്, രാത്രി പാത തുടങ്ങി ജനങ്ങളുടെ പ്രാധാനപ്പെട്ടവിഷയങ്ങളില്‍ ഇടപെടുക എന്നത് കൂടിയാണ്.
നിരവധി വര്‍ഷമായി ഞാന്‍ ബിജെപിക്കെതിരെ പോരാടുന്നു. അവരുടെ എതിരാളി ഒരു കാര്യത്തിലും ഭയപ്പെടുന്ന ആളല്ല എന്ന കാര്യം അവര്‍ക്കിതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
വീട്ടിലേക്ക് പൊലീസിനെ അയച്ചാല്‍ ഞാന്‍ ഭയപ്പെട്ടുപോകുമെന്നാണ് അവര്‍ വിചാരിച്ചിരിക്കുന്നത്. എന്റെ വീട് എന്നില്‍ നിന്നും അടര്‍ത്തിമാറ്റിയപ്പോഴും എനിക്ക് ഒന്നും തോന്നിയില്ല. കാരണം, വയനാട്ടില്‍ എത്രപേര്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. പ്രളയം വന്നപ്പോള്‍ എത്രപേര്‍ ഭവന രഹിതരായി. അതിനോട് നിങ്ങള്‍ പ്രതികരിക്കുന്നതും ഞാന്‍ നിങ്ങളില്‍ നിന്നാണ് മനസിലാക്കിയത്. അമ്പത് തവണ വേണമെങ്കിലും എന്റെ വീട് എന്നില്‍ നിന്നും കൊണ്ട് പൊയ്‌ക്കോളൂ, എനിക്ക് ഒരു പ്രശ്‌നവുമില്ല. തുടര്‍ന്നും വയനാട്ടിലെയും ഇന്ത്യയിലെയും ജനതയുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നു, ഭീഷണിപ്പെടുത്തുന്നു, അസഭ്യം പറയുന്നു, അപ്പോഴും ഞാന്‍ ജനങ്ങള്‍ക്കൊപ്പമായിരിക്കും. ഈ രാജ്യത്തിന്റെ ഓരോ ജനവിഭാഗത്തെയും മതത്തെയും ബഹുമാനിക്കുന്ന ആളായിരിക്കും ഞാന്‍.
സത്യത്തില്‍ ഞാന്‍ എന്താണ് ചെയ്തത്? ഞാന്‍ പാര്‍ലമെന്റില്‍ പോയി. ഈ ബിസിനസുകാരനെക്കുറിച്ച് പ്രധാനമന്ത്രിയോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. മിസ്റ്റര്‍ നരേന്ദ്ര മോദി, നിങ്ങളും അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കൂ എന്ന് മാത്രമാണ് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്. ആ ചോദ്യമാണ് ഞാന്‍ ചോദിച്ചുകൊണ്ടേയിരുന്നത്. ലോക സമ്പന്നരുടെ പട്ടികയില്‍ 609 ാം സ്ഥാനത്തുണ്ടായിരുന്ന അദാനി എങ്ങനെ രണ്ടാം സ്ഥാനത്തെത്തി എന്ന് മാത്രമാണ് ചോദിച്ചത്. അദാനിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി തന്നെ അകമഴിഞ്ഞ് പിന്തുണ നല്‍കിയതിന്റെ ഉദാഹരണങ്ങളും ഞാന്‍ അദ്ദേഹത്തെ കാണിച്ചു. പാര്‍ലമെന്റ് നല്ല രീതിയില്‍ കൊണ്ട് പോകാന്‍ സര്‍ക്കാര്‍ തന്നെ സമ്മതിക്കാത്ത കാഴ്ചയാണ് കാണുന്നത്. ബിജെപി മന്ത്രിമാര്‍ വരെ എന്നോട് കള്ളം പറഞ്ഞു. സര്‍ക്കാരിന് ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ട് മാത്രമാണ് എന്നെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത്. ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന് മനസിലാക്കാന്‍ ഇതിലൂടെ എനിക്ക് സാധിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ എന്റെ പോരാട്ടം നിര്‍ത്താന്‍ പോകുന്നില്ല.