മലപ്പുറം: ദേശീയപാത 66 നിർമ്മാണം 99 ശതമാനവും പൂർത്തിയായതോടെ മലപ്പുറത്ത് ടോൾ പിരിവ് തുടങ്ങുന്നു. അടുത്തമാസം അതായത് നവംബർ പകുതിയോടെ ഇവിടെ ടോൾ പിരിവ് തുടങ്ങാനാണ് സാധ്യത.
ആറുവരിപ്പാതയുടെ ജില്ലയിലെ കഞ്ഞിപ്പുര-കാപ്പിരിക്കാട് റീച്ച് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി 23 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇടിമുഴിക്കല്‍ മുതല്‍ കഞ്ഞിപ്പുര വരെയുള്ള റീച്ച് നിര്‍മാണത്തിന് മാര്‍ച്ച് അഞ്ചുവരെയായിരുന്നു കരാര്‍ കമ്പനിക്ക് ദേശീയപാത അതോറിറ്റി സമയം അനുവദിച്ചിരുന്നത്.
കഞ്ഞിപ്പുര-കാപ്പിരിക്കാട് റീച്ചില്‍ കുറ്റിപ്പുറത്തും കഞ്ഞിപ്പുര-ഇടിമുഴിക്കല്‍ റീച്ചില്‍ കൂരിയാടുമാണ് നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളത്. കൂരിയാട് നേരത്തേ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും തകര്‍ച്ചയുണ്ടായ ഭാഗത്ത് പുനര്‍നിര്‍മാണം നടക്കുകയാണ്. കുറ്റിപ്പുറത്ത് ഹൈവേ ജങ്ഷന്‍ മുതല്‍ അത്താണി ബസാര്‍ വരെയുള്ള ദൂരത്തും നിര്‍മാണം നടക്കാനുണ്ട്. പുതുതായി കുറ്റിപ്പുറത്ത് നിര്‍മിച്ച റെയില്‍വേ മേല്‍പ്പാലത്തിന്റെ കോമ്പോസിറ്റ് ഗര്‍ഡറും സ്ഥാപിക്കണം.





