ദുബായിൽ അനന്തരാവകാശ കേസുകൾക്കായി പ്രഖ്യാപിച്ച പ്രത്യേക കോടതി സെപ്റ്റംബറിൽ തുറക്കും. ദുബായ് കോടതികൾക്ക് കീഴിലുള്ള എല്ലാ അനന്തരാവകാശ കേസുകളും അടുത്തമാസം മുതൽ പുതിയ കോടതിയിലായിരിക്കും കേൾക്കുകയെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2021ൽ 1800 അനന്തരാവകാശ കേസുകളാണ് വിവിധ ദുബായ് കോടതികളിൽ പരിഗണിച്ചത്. എമിറേറ്റിൽ ഇത്തരം കേസുകൾ കേൾക്കുന്ന ഏക ജുഡീഷ്യൽ ബോഡി ആയിരിക്കും പുതിയ പ്രത്യേക കോടതിയെന്നും അധികൃതർ പറഞ്ഞു.
പുതിയ കോടതി വരുന്നതോടെ അനന്തരാവകാശവുമായി ബന്ധപ്പെട്ട കേസുകളിൽ വ്യവഹാര നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കി വിധി വേഗത്തിലാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനന്തരാവകാശ വ്യവഹാരങ്ങൾ വേഗത്തിൽ തീർപ്പാക്കുന്നതിലൂടെ സാമൂഹിക-കുടുംബ ബന്ധങ്ങൾ സംരക്ഷിക്കാനും കോടതിക്കാകും. ഫയൽ സമർപ്പിച്ച തീയതി മുതൽ 30 ദിവസത്തിനകം കേസുകൾ കേൾക്കുകയും ഒരു വർഷത്തിനകം വിധി പറയുകയുകയും ചെയ്യുന്നതാണ് കോടതി നടപടി. കോടതി പുറപ്പെടുവിക്കുന്ന വിധികൾ അന്തിമമായിരിക്കും. പുനഃപരിശോധനാ ഹർജിയിലൂടെയല്ലാതെ അപ്പീലിന് വിധേയമല്ല.
ദുബായ് കോടതികളുടെ ഡയറക്ടർ ജനറൽ താരിഷ് ഈദ് അൽ മൻസൂരിയും അനന്തരാവകാശ കോടതിയുടെ പ്രസിഡന്റ് ജഡ്ജി മുഹമ്മദ് ജാസിം അൽ ഷംസിയും ചേർന്ന് കോടതി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.