ശമ്പളത്തോടെയുള്ള ആർത്തവ അവധി നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ പറഞ്ഞു. ആർത്തവം എന്നത് സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണ്. അതിനെ തുടർന്ന് ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകൾ ചെറിയ വിഭാഗം മാത്രമേ അനുഭവിക്കുന്നുള്ളു. പലരെയും അത് വലിയ രീതിയിൽ ബാധിക്കാറില്ല. അതുകൊണ്ടാണ് ആർത്തവ അവധി കേന്ദ്ര സർക്കാർ പരിഗണിക്കാത്തതെന്നും ഭാരതി പവാർ വ്യക്തമാക്കി.
ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിലുള്ള 23 കോടി പേർക്ക് ആയുഷ്മാൻ കാർഡ് നൽകിയിട്ടുണ്ട്. 10 കോടി 74 ലക്ഷം കുടുംബങ്ങളിലെ ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നൽകുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ജനുവരി 29 വരെ 32 കോടി 12 ലക്ഷം ആയുഷ്മാൻ ഭാരത് ഹെൽത്ത് അക്കൗണ്ടുകൾ സൃഷ്ടിച്ചതായും മന്ത്രി ലോക്‌സഭയെ അറിയിച്ചു. രാജ്യത്ത് പരസ്പര പ്രവർത്തനക്ഷമമായ ഒരു ഡിജിറ്റൽ ആരോഗ്യ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.