ആലപ്പുഴ: പി.എം ശ്രീ പദ്ധതിയിൽ ഇടഞ്ഞു നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ച പരാജയപ്പെട്ടു. ആലപ്പുഴ ഗസ്റ്റ് ഹൌസിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഒരു മണിക്കൂറോളം ചർച്ച നടത്തിയെങ്കിലും വിഷയം പരിഹരിച്ചില്ല. ഗസ്റ്റ് ഹൌസിന് വെളിയിൽ മാധ്യമങ്ങളെ കണ്ട ബിനോയ് വിശ്വം തങ്ങൾ ഉന്നയിച്ച വിഷയത്തിൽ പരിഹാരമായിട്ടില്ലെന്ന ഒറ്റവാക്കിൽ ചർച്ച പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി.
പി.എം ശ്രീയിൽ നിന്നും പിന്മാറുക എന്ന സിപിഐ ആവശ്യം മുഖ്യമന്ത്രി തുടക്കത്തിൽ തന്നെ തള്ളിയെന്നാണ് സൂചന. ചർച്ച പരാജയപ്പെട്ടതോടെ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. മുഖ്യമന്ത്രിയും ബിനോയ് വിശ്വവും തമ്മിൽ കണ്ട ശേഷം സിപിഐ മന്ത്രിമാരും മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചു. ഇതിനു ശേഷം ആലപ്പുഴ ഗസ്റ്റ് ഹൌസിൽ ബിനോയ് വിശ്വത്തിൻ്റെ നേത
അടുത്ത ദിവസങ്ങളിൽ നടക്കുന്ന എൽഡിഎഫ് യോഗത്തിൽ തദ്ദേശതെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാനായിരുന്നു നേതാക്കൾക്കിടയിലെ ധാരണ. മുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിൽ ഇടഞ്ഞതോടെ എൽഡിഎഫിൻ്റെ തദ്ദേശതെരഞ്ഞെടുപ്പ് പ്രവർത്തനം തുലാസിലായിട്ടുണ്ട്.
മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും തള്ളിക്കളഞ്ഞെങ്കിലും പി.എം ശ്രീയിൽ താഴെത്തട്ടിൽ സിപിഎം പ്രവർത്തകരുടെ പിന്തുണ തങ്ങൾക്ക് കിട്ടുമെന്ന് സിപിഐ നേതൃത്വം കണക്കുകൂട്ടുന്നു. ആലപ്പുഴ ഗസ്റ്റ് ഹൌസിലെ ചർച്ച പരാജയപ്പെട്ടെങ്കിലും അൽപസമയത്തിനകം പുനപ്ര വയലാർ രക്തസാക്ഷി അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രിയും ബിനോയ് വിശ്വവും പങ്കെടുക്കുന്നുണ്ട്. ഈ വേദിയിൽ നേതാക്കൾ എന്തെങ്കിലും കനപ്പിച്ചു പറയുമോ എന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്ന കാര്യം.





