ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കെ ഇന്ത്യ മുന്നണി വിടുന്നതായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി.
ഇന്ത്യ മുന്നണിയുമായി നടത്തിയ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. കോണ്‍ഗ്രസുമായി നടത്തിയ സീറ്റ് ചര്‍ച്ച പരാജയപ്പെട്ടതായി മമത സൂചിപ്പിച്ചു. തങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദേശം കോണ്‍ഗ്രസ് തള്ളിയെന്നും അതിനാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മമത അറിയിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലൂടെ കടന്ന് പോയത് അറിയിച്ചില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.
‘കോണ്‍ഗ്രസുമായി ഒരു ചര്‍ച്ചയും ഇനിയില്ല. ഞാന്‍ എപ്പോഴും പറയുന്നതാണ് ബിജെപിക്കെതിരെ ബംഗാളില്‍ ഒറ്റയ്ക്ക് പൊരുതും. രാജ്യത്ത് എന്തുസംഭവിക്കുമെന്നതിനെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. ഞങ്ങള്‍ ബംഗാളിലെ ഒരു മതേതര പാര്‍ട്ടിയാണ്. ബിജെപിയെ ഞങ്ങള്‍ ഒറ്റയ്ക്ക് പരാജയപ്പെടുത്തും. ഞാനും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഞങ്ങളുടെ സംസ്ഥാനത്തിലൂടെ കടന്ന് പോയത് ഞങ്ങളെ അറിയിച്ചില്ല,’ മമത പറഞ്ഞു.
മമത ബാനര്‍ജി അവസരവാദിയാണെന്നും മമതയുടെ പിന്തുണയില്ലാതെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ തീരുമാനം.