മുംബൈ: എൻസിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് അപകടകം. വിമാനത്തിൽ പവാറിനൊപ്പമുണ്ടായിരുന്ന പൈലറ്റുമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ നാല് പേരും അപകടത്തിൽ മരിച്ചിട്ടുണ്ട്.
രാവിലെ 8 മണിയോടെ മുംബൈയിൽ നിന്ന് പറന്നുയർന്ന ചെറിയ വിമാനം 45 മിനിറ്റിനുശേഷം ബാരാമതി വിമാനത്താവളത്തിന് സമീപം ലാൻഡിംഗിന് ശ്രമിക്കുന്നതിനിടൊണ് തകർന്നുവീണത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ബാരാമതിയിൽ നാല് പ്രചരണയോഗങ്ങളിൽ അജിത്ത് പവാറിന് പങ്കെടുക്കാനുണ്ടായിരുന്നു.
റൺവേയ്ക്ക് സമീപം ലാൻഡിംഗിനിടെയാണ് ആണ് വിമാനം തകർന്നു വീണത് എന്നാണ് വിവരം. ലാൻഡിംഗിനായി താഴേക്ക് നീങ്ങുന്നതിനിടെ പെട്ടെന്ന് വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും നൂറ് അടിയോളം താഴ്ചയിലേക്ക് പതിക്കുകയും ചെയ്തു. ശേഷം നിയന്ത്രണം വീണ്ടെടുത്തെങ്കിലും പെട്ടെന്ന് താഴേക്ക് പതിച്ചു എന്നാണ് വിവരം. റൺവേയ്ക്ക് സമീപം കാത്തുനിന്ന പൊലീസും മറ്റു ഉദ്യോഗസ്ഥരും അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിനോടകം എല്ലാവരും മരണപ്പെട്ടു എന്നാണ് വിവരം. വിഎസ്ആർ എന്ന കമ്പനിയുടെ ലിയർജെറ്റ് 45 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 2023 സെപ്റ്റംബറിൽ മുംബൈയിൽ ഇതേ സീരിസിലുള്ള ഒരു വിമാനം തകർന്നുവീണിരുന്നു.
66 കാരനായ അജിത് പവാർ മുതിർന്ന രാഷ്ട്രീയക്കാരനും എൻസിപി സ്ഥാപകനുമായ ശരദ് പവാറിന്റെ അനന്തരവനും ലോക്‌സഭാ എംപി സുപ്രിയ സുലെയുടെ കസിനുമാണ്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനായി ഡൽഹിയിലായിരുന്ന ശരദ് പവാറും സുലെയും ഉടൻ പൂനെയിലേക്ക് പോകും.
2023-ൽ, അജിത് പവാറിന്റെ നേതൃത്വത്തിലായിരുന്നു എൻസിപിയിലെ കലാപം. ഇത് പാർട്ടിയെ രണ്ടായി പിളർത്തി. ഒന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലും മറ്റൊന്ന് അദ്ദേഹത്തിന്റെ അമ്മാവൻ ശരദ് പവാറിന്റെ നേതൃത്വത്തിലും. പിന്നീട് അദ്ദേഹം എൻഡിഎ സർക്കാരിൽ ചേരുകയും ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. എന്നിരുന്നാലും, അടുത്തിടെ എൻസിപി ലയന ചർച്ചകൾ നടന്നിരുന്നു, പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് ഇരു വിഭാഗങ്ങളും ഒരുമിച്ച് മത്സരിച്ചിരുന്നു.




