തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ ബസ് നിരയിൽ പുതുചരിത്രം കുറിച്ചുകൊണ്ട്, വോൾവോ 9600 എസ്‌എൽഎക്സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ബസ് ഓടിച്ചു നോക്കിയത്.

വോൾവോയുടെ ഏറ്റവും പുതിയ മോഡലാണിത്. ഈ ബസ് സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന നേട്ടവും ഇതോടെ കെഎസ്ആർടിസിക്ക് സ്വന്തമായി. ബസ് ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെഎസ്‌ആർടിസിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. 2002-ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെഎസ്‌ആർടിസി ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓർമ്മിപ്പിച്ചു.
ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാൽ ഉടൻ തന്നെ സഡൻ ബ്രേക്ക് ചെയ്ത് വാഹനം നിർത്താനുള്ള സാങ്കേതികവിദ്യ പുതിയ ബസിലുണ്ട്. മികച്ച സസ്പെൻഷൻ ഉള്ള സീറ്റാണ് ഡ്രൈവർക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ കട്ടറുകളിലോ കയറുമ്പോൾ ബസ് ലിഫ്റ്റ് ചെയ്ത് ഉയർത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീ. ആയി പരിമിതപ്പെടുത്തും) ക്യാമറകൾ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.






