കൊച്ചി: കനത്ത മഴയ്ക്കിടെ കൊച്ചി മെട്രോയുടെ സർവ്വീസ് തടസ്സപ്പെട്ടു. ട്രാക്കിൽ ടാർപോളിൻ ഷീറ്റും ഫ്ലക്സ് ബോർഡും വീണതോടെയാണ് ട്രെയിനുകളുടെ സർവ്വീസ് അൽപസമയം തടസപ്പെട്ടത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കടവന്ത്ര മെട്രോ സ്റ്റേഷനും എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനും മധ്യേ മെട്രോ ട്രാക്കിൽ ടാർപോളിൻ ഷീറ്റ് കാറ്റിൽ പറന്നെത്തി പതിക്കുകയായിരുന്നുവെന്ന് മെട്രോ അധികൃതർ അറിയിച്ചു. ടാർപോളിൻ ഷീറ്റ് കണ്ട മെട്രോ പൈലറ്റ് വിവരം അധികൃതരെ അറിയിക്കുകയും ഇതോടെ റൂട്ടിലുണ്ടായിരുന്ന ട്രെയിനുകളെല്ലാം പിടിച്ചിടുകയും ചെയ്തു.
ടാർപോളിൻ ഷീറ്റ് പിന്നീട് മെട്രോ ജീവനക്കാരെത്തി നീക്കം ചെയ്തു. രാവിലെ 9.57-നാണ് ഷീറ്റ് കണ്ടതെന്നും ജീവനക്കാർ ട്രാക്കിലിറങ്ങി ഷീറ്റ് നീക്കിയതിന് പിന്നാലെ 10.13-ഓടെ സർവ്വീസ് പുനരാരംഭിച്ചെന്നും മെട്രോ അധികൃതർ അറിയിച്ചു.
കനത്ത മഴയിൽ കൊച്ചി മെട്രോ ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണും ഇന്ന് അപകടമുണ്ടായി. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ ഈ റൂട്ടിൽ ഗതാഗതം നിര്‍ത്തിവച്ചു. ഫ്ലക്സ് ബോര്‍ഡ് മാറ്റിയ ശേഷം സര്‍വീസ് പുനരാരംഭിച്ചു.