തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് പോളിംഗ് ഈ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ പോളിംഗ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തും എന്ന് ഉറപ്പായിട്ടുണ്ട്. പോളിംഗ് സമയമായ ആറ് മണിക്ക് ശേഷവും സംസ്ഥാനത്തെ പകുതിയിലേറെ പോളിംഗ് ബൂത്തുകളിലും നൂറുകണക്കിന് ആളുകൾ ക്യൂവിൽ തുടരുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.10 ശതമാനം പോളിംഗാണ്. 2 കോടി 3 ലക്ഷം പേര്‍ ഇതുവരെ വോട്ട് ചെയ്‌തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. റെക്കോർഡ് പോളിംഗ് പ്രതീക്ഷിക്കുന്നുവെന്ന് ഉച്ചയോടെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.72% ആണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 80.5 ശതമാനം ആയിരുന്നു 87-ലെ പോളിംഗ് നില. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 മാത്രമായിരുന്നു.
കേരളത്തിൽ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കുന്നത് 2.6 കോടിയിലധികം വോട്ടർമാരാണ്. സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത 2,69,53,644 വോട്ടർമാരിൽ 1,38,27,319 പേർ സ്ത്രീകളും 1,31,26,048 പേർ പുരുഷന്മാരുമാണ്. 277 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്. വോട്ടർമാരിൽ 4,24,518 പേർ 18-നും 19-നും ഇടയിൽ പ്രായമുള്ള കന്നിവോട്ടർമാരാണ്. 85 വയസ്സിന് മുകളിലുള്ള 2,04,608 വോട്ടർമാരുമുണ്ട്. സുരക്ഷിതമായ വോട്ടെടുപ്പിനായി 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.




