പുത്തൻ പ്രതീക്ഷകളുമായി മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭം. കർക്കിടകത്തിലെ ദുരിതം ഒഴിഞ്ഞ് പ്രത്യാശയുടെ പുലരിയുമായാണ് ചിങ്ങം തുടങ്ങുന്നത്. കോവിഡിനെയും മഴക്കെടുതിയേയും അതിജീവിച്ച് മലയാളികൾ വീണ്ടുമൊരു ഉത്സവ കാലത്തെ വരവേൽക്കുകയാണ്.
കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് മലയാളിക്ക് പ്രസന്നമായ ചിങ്ങമാസം. കൊല്ലവര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്.
കർഷകദിനം വിപുലമായി ആചരിക്കാനാണ് കൃഷിവകുപ്പ് തീരുമാനം. ഞങ്ങൾ കൃഷിയിലേക്ക് എന്ന പേരിൽ ഒരു ലക്ഷം കൃഷിയിടങ്ങള്‍ക്ക് ഇന്ന് തുടക്കമിടും. ഈ ദിവസം മികച്ച കര്‍ഷകര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഗ്രാമ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും പുരസ്‌കാരങ്ങള്‍ നല്‍കി വരുകയും ചെയ്യുന്നു. കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഏറെ ഉപകാരപ്രദമാണ്.
നമ്മുടെ ശ്രേഷ്ഠമായ കാര്‍ഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകള്‍ പങ്കു വയ്ക്കാനുമുള്ള അവസരമായി മാറട്ടെ ഈ കര്‍ഷക ദിനം..