തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐഎഎസിനെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. അടുത്ത രണ്ട് വർഷത്തേക്കാണ് ജയകുമാറിൻ്റെ നിയമനം.

അടുത്ത വെള്ളിയാഴ്ച മുതൽ നിയമന ഉത്തരവ് പ്രാബല്യത്തിൽ വരും. ബോർഡ് മെമ്പറായി കെ രാജുവിനെ നിയമിച്ചുള്ള ഉത്തരവും പുറത്തിറങ്ങി. ദേവസ്വം ബോർഡിലെ സിപിഐ നോമിനിയാണ് രാജു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപാണ് പുതിയ നിയമന ഉത്തരവ് വന്നത്.
സ്വർണകവർച്ച കേസിൽ ദേവസ്വം ബോർഡ് ആരോപണ വിധേയരായതോടെയാണ് കാലാവധി തീരുന്ന ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്തിന് തുടർനിയമനം നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സിപിഎം നേതൃത്വമെത്തിയത്. പ്രശാന്തിന് പകരം കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ സിപിഎം നേതാക്കളെ പദവിയിലേക്ക് പരിഗണിച്ചെങ്കിലും മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ജയകുമാർ പദവിയിലേക്ക് എത്തുന്നത്. സംശുദ്ധമായ പ്രതിച്ഛായയും ജയകുമാറിന് പദവിയിലെത്താൻ തുണയായി.






