ലോകത്തിലെ ആദ്യ ഇൻട്രാനേസൽ കൊവിഡ് വാക്സിനായ ‘ഇൻകോവാക്’ ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും. ഭാരത് ബയോടെക് വാക്സിൻ വികസിപ്പിച്ചെടുത്ത വാക്സിനാണിത്. കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ലയാണ് ഇക്കാര്യം പങ്കുവച്ചത്. മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ (MANIT) ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭോപ്പാലിൽ നടന്ന ഇന്ത്യ ഇൻ്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ വിദ്യാർത്ഥികളുമായുള്ള സംഭാഷണത്തിനിടെയാണ് റിപ്പബ്ലിക് ദിനത്തിൽ നേസൽ വാക്സിൻ ഔദ്യോഗികമായി പുറത്തിറക്കുന്നതായി കൃഷ്ണ അറിയിച്ചത്. 2022 ഡിസംബർ 23നാണ് ഇന്ത്യ ഗവൺമെൻ്റ് വാക്സിന് അംഗീകാരം നൽകിയത്. നേരത്തെ 18 വയസും അതിനുമുകളിലും പ്രായമുള്ളവരിൽ അടിയന്തിര സാഹചര്യങ്ങളിൽ ഇൻട്രാനേസൽ വാക്‌സിൻ്റെ നിയന്ത്രിത ഉപയോഗത്തിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകാരം നൽകിയിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഓരോ ഡോസിനും ഭാരത് ബയോടെക് നിശ്ചയിച്ചിരിക്കുന്ന വില 325 രൂപയും ജിഎസ്ടിയുമാണ്. സ്വകാര്യ ആശുപത്രികളും വാക്സിനേഷൻ സെൻ്ററുകളും ഒരു ഡോസിന് 800 രൂപ നൽകണം. ഭാരത് ബയോടെക് പറയുന്ന പ്രകാരം മൂക്കിലൂടെ നൽകുന്ന ഈ വാക്സിൻ CoWIN വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യാനാകും. സ്വകാര്യ ആശുപത്രികളിലും ഇത് ലഭ്യമായിരിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഒരു സ്ലോട്ട് തെരഞ്ഞെടുക്കാവുന്നതാണ്.