ദില്ലി: അമേരിക്കയുടെ താരിഫ് സമ്മർദ്ദം പൂർണമായി അവഗണിച്ച് റഷ്യയോട് അടുക്കാൻ ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയെ തുണച്ച എസ് 400 വ്യോമപ്രതിരോധ സംവിധാനത്തിൻ്റെ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ ഇന്ത്യ. ഇതിനായി ഇന്ത്യയും റഷ്യയും ചർച്ചകൾ തുടങ്ങിയതായി റഷ്യൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ഇന്ത്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
അഞ്ച് എസ് 400 വ്യോമപ്രതിരോധം സംവിധാനങ്ങൾ വാങ്ങാനുള്ള കരാറിൽ നേരത്തെ ഇന്ത്യ ഒപ്പിട്ടിരുന്നു. ഇതിൽ മൂന്നെണ്ണം ഇതിനോടകം ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ട് യൂണിറ്റുകൾ കൂടി കിട്ടാനുണ്ട്. അടുത്ത വർഷത്തോടെ ഇവ ഇന്ത്യയിലെത്തും. എസ് 400ൻ്റെ പുതിയ പതിപ്പ് വാങ്ങാനാണോ ഇന്ത്യ ചർച്ച നടത്തുന്നതെന്നും വ്യക്തമല്ല. അതേസമയം, റഷ്യയിൽ നിന്ന് വിഭവങ്ങൾ വാങ്ങുന്നത് നിർത്തണമെന്ന അമേരിക്കയുടെ ആവശ്യങ്ങൾക്ക് ഇന്ത്യ വഴങ്ങുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രയേലും ഫ്രാൻസും ഇന്ത്യയുടെ പ്രതിരോധ പങ്കാളികളാണെങ്കിലും ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ ഭൂരിപക്ഷവും റഷ്യയിൽ നിന്നുമാണ്. 2020 നും 2024 നും ഇടയിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയിൽ നിന്നായിരുന്നുവെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം ഷാങ്ഹായ് ഉച്ചക്കോടിയിൽ പുതിനും മോദിയും തമ്മിൽ കണ്ടതിന് പിന്നാലെ ഇന്ത്യയ്ക്ക് നൽകുന്ന ക്രൂഡ് ഓയിലിൻ്റെ വിലയിൽ റഷ്യ ഇളവ് പ്രഖ്യാപിച്ചു. ബാരലിന് നാല് ഡോളർ വരെ റഷ്യ വില കുറച്ചുവെന്നാണ് റിപ്പോർട്ട്. ഈ മാസം പ്രതിദിനം 3 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങും എന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്.
ഒരു ഭാഗത്ത് അമേരിക്ക ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തുമ്പോൾ മറുഭാഗത്ത് ഇന്ത്യയ്ക്ക് ഇളവുകളുമായി വരികയാണ് റഷ്യ. സെപ്റ്റംബർ അവസാനവും ഒക്ടോബറിലുമായി റഷ്യ കയറ്റി അയയ്ക്കുന്ന യുറൽ ക്രൂഡിനാണ് കുറഞ്ഞ വില വാഗ്ദാനം ചെയ്തിരിക്കുന്നത്. ജൂലൈ മാസത്തിൽ ബാരലിന് ഒരു ഡോളർ കിഴിവാണ് റഷ്യ ഇന്ത്യയ്ക്ക് നൽകിയിരുന്നതെങ്കിൽ, കഴിഞ്ഞ ആഴ്ചയോടെ 2.5 ഡോളറായി അത് വർദ്ധിച്ചിട്ടുണ്ടെന്നും ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു. റ