കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യയും ജർമനിയും. ജര്‍മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കുമായി കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് ഊര്‍ജം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഇരു മന്ത്രിമാരും വിപുലമായ ചര്‍ച്ചകളും നടത്തി. റഷ്യന്‍ ഉപരോധം, എണ്ണ വില പരിധി എന്നിവയില്‍ ഇന്ത്യയുടെ സാമ്പത്തിക പരിമിതികള്‍ ജര്‍മനി മനസ്സിലാക്കുന്നതായി ജർമന്‍ വിദേശകാര്യ മന്ത്രി ബെയര്‍ബോക്ക് പറഞ്ഞു.
കുടിയേറ്റം സംബന്ധിച്ച കരാര്‍ ചലനാത്മക പ്രശ്നങ്ങള്‍ അതായത് മൊബിലിറ്റി ലഘൂകരിക്കും. ഇന്ത്യക്കാര്‍ക്ക് ജര്‍മനിയിലേക്കുള്ള വിസ പ്രശനങ്ങൾ പരിഹരിക്കപ്പെടുമെന്ന് മന്ത്രി ജയശങ്കര്‍ പറഞ്ഞു. ജർമന്‍ അധികാരികള്‍ ഇന്ത്യന്‍ മാതാപിതാക്കളില്‍ നിന്ന് എടുത്ത അരിഹ ഷാ എന്ന കുഞ്ഞിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ശക്തവും സുരക്ഷിതവുമായ ആഗോള സമ്പദ്‌വ്യവസ്ഥ ഉറപ്പാക്കുന്നതില്‍ ഇന്ത്യയ്ക്കും ജര്‍മനിക്കും പൊതുവായ താല്‍പര്യമുണ്ടെന്നു ചര്‍ച്ചയുടെ സമാപനത്തില്‍ മന്ത്രി ജയശങ്കര്‍ പറഞ്ഞു.