പത്തനംതിട്ട ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിട്ട സംഭവത്തിൽ വഴിത്തിരിവ്. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയുടെ മൃതദേഹം പ്രതി ഭഗവന്ത് സിംങിന്റെ വീടിന്റെ 50 മീറ്റർ അകലെ നിന്ന് പൊലീസ് കണ്ടെത്തി. ഫൊറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരകളെ കഴുത്തറുത്ത് ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്ന് കമ്മിഷണർ പറഞ്ഞു. കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഐജി അറിയിച്ചു. നരബലി നടത്തിയതിൽ മുഖ്യപങ്കുവഹിച്ച ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനി റോസ്‌ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം എന്നിവരെയാണ് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയത്. ഇതിൽ പത്മയുടെ മൃതദേഹാവശിഷമാണ് കണ്ടെത്തിയത്. റോസ്ലിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. പത്മത്തിന്റെ മകൻ സെൽവന്റെ പരാതിയിലുള്ള അന്വേഷണത്തിലാണ് നരബലി കണ്ടെത്തിയത്. സെപ്റ്റംബർ 26നാണ് പത്മത്തെ കാണാതായത്. ജൂൺ 8നാണ് റോസ്‌ലിയെ കാണാതായത്.
10 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് ലോട്ടറി വില്‍പ്പനക്കാരിയായിരുന്ന റോസ്‌ലിയെ ഏജന്റ് കബളിപ്പിച്ച് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ എന്ന് പറഞ്ഞായിരുന്നു പണം വാഗ്ദാനം ചെയ്തതെന്നും പൊലീസ് പറഞ്ഞു. തൃശൂര്‍ വടക്കഞ്ചേരി സ്വദേശിനി റോസ്‌ലി കാലടിയില്‍ ലോട്ടറി കച്ചവടം നടത്തി വരവെയാണ് ഏജന്റ് മുഹമ്മദ് ഷാഫിയുമായി പരിചയപ്പെടുന്നത്.
പണം വാഗ്ദാനം ചെയ്ത് ഇലന്തൂരിലെ ലൈല-ഭഗവന്ത് സിംങ് ദമ്പതികളുടെ വീട്ടിലെത്തിച്ച റോസ്‌ലിയെ കട്ടിലില്‍ കെട്ടിയിട്ട് തലയ്ക്ക് അടിച്ചു. പിന്നീട് ലൈലയാണ് ആദ്യം ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. നരബലിയിലൂടെ വീട്ടില്‍ ഐശ്വര്യമുണ്ടാകുമെന്ന് മുഹമ്മദ് ഷാഫി ദമ്പതികളെ തെറ്റിദ്ധരിപ്പിച്ചാണ് റോസ്ലിയേയും പത്മയേയും കൊന്നതെന്ന് പോലീസ് പറഞ്ഞു.