ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ നാണം കെട്ട തോൽവിയുമായി തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസ്. മുന്നൂറോളം സീറ്റുകളിൽ മത്സരിച്ച പാർട്ടിക്ക് ആകെ അഞ്ച് സീറ്റിൽ മാത്രമാണ് വിജയം നേടാനായത്. എൻഡിഎയുടെ ഭാഗമായി ബിജെപി വിട്ടു കൊടുത്ത സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിച്ചത്. ബിജെപി കാലുവാരിയതാണ് എല്ലായിടത്തും കനത്ത തോൽവിക്ക് കാരണമായതെന്നാണ് ബിഡിജെഎസ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ
ബിജെപി അധികാരം നേടിയ തിരുവന്തപുരത്ത് ബിഡിജെഎസ് മത്സരിച്ച നാല് സീറ്റിലും തോറ്റു. ബിജെപിക്ക് സ്വാധീനമുള്ള സീറ്റുകളിൽ പോലും വോട്ടുകൾ സമാഹരിക്കപ്പെട്ടില്ലെന്ന് പാർട്ടി പരാതിപ്പെടുന്നു. കൊച്ചിയിൽ 13 സീറ്റിൽ മത്സരിച്ചതിൽ സിറ്റിംഗ് സീറ്റടക്കം എഎല്ലാത്തിലും തോറ്റു. ബിജെപി ഇരട്ടിയിലേറെ സീറ്റുകൾ നേടിയ കോഴിക്കോട് കോർപ്പറേഷനിലും ബിഡിജെഎസ് സംപൂജ്യരാണ്. 140 നിയോജക മണ്ഡലങ്ങളിൽ നൂറ് എണ്ണത്തിലും ഒരു തദ്ദേശവാർഡ് പോലും ബിഡിജെഎസിന് മത്സരിക്കാൻ കിട്ടിയില്ല. കിട്ടിയതിൽ ഭൂരിപക്ഷവും വിജയസാധ്യത ഇല്ലാതിരുന്നതും. ബിജെപിക്കുള്ളിലെ എതിർപ്പിനെ തുടർന്ന് പലയിടത്തും പാർട്ടിക്ക് പിന്മാറേണ്ടിയും വന്നു.
ബിജെപി സഖ്യത്തിനെതിരെ പാർട്ടിക്കുള്ളിൽ കാലങ്ങളായി മുറുമുറുപ്പുണ്ടെങ്കിലും തുഷാറും ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പം കാരണമാണ് പരാതികൾ പലതും അടങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കേ ഇനിയും ഈ രീതി പറ്റില്ലെന്നാണ് ഒരു വിഭാഗം ബിഡിജെഎസ് നേതാക്കളുടെ നിലപാട്.




