ആലപ്പുഴ: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലടക്കം പൊതിഞ്ഞ സ്വർണത്തിന് മാർക്കറ്റിലെ സ്വർണത്തിൻ്റെ വിലയല്ലെന്നും വിശ്വാസപരമായി അതിന് അമൂല്യമായ മൂല്യമുണ്ടെന്നും ശിൽപി മഹേഷ് പണിക്കർ. വിശ്വസത്തിൻ്റെ പേരിലുള്ള തട്ടിപ്പാണ് ശബരിമലയിൽ നടക്കുന്നത്. ഹൈക്കോടതി ഉത്തരവോടെ ഇതിൽ വലിയ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ട്.
ദ്വാരപാലക ശിൽപത്തിൽ ചാർത്തിയ സ്വർണപാളി അതേപടി എടുത്ത് വിറ്റിരിക്കാനാണ് സാധ്യത. ഉരുക്കി വിൽക്കുന്നതിനേക്കാൾ പാളി അതേപടി വിൽക്കുമ്പോൾ ആണ് മൂല്യം കൂടുന്നത്. ഉരുക്കി വിറ്റാൽ സ്വർണത്തിൻ്റെ വില മാത്രമായിരിക്കും ലഭിക്കുക. എന്നാൽ അയപ്പൻ്റെ നടയിൽ വർഷങ്ങളോളം ഇരുന്ന പാളി വിൽക്കുമ്പോൾ അതിന് ദൈവിക ചൈതന്യം കൂടെ കൽപിക്കപ്പെടും അപ്പോൾ നമ്മൾ ചിന്തിക്കുന്നതിലും വലിയ തുകയ്ക്ക് വിൽക്കാൻ പറ്റും.
വലിയ ഗൂഢാലോചനയുള്ള തട്ടിപ്പാണ് ഇത്. അതിലെ ചെറിയൊരു കണ്ണി മാത്രമാണ്. സിനിമാ മേഖലയിലേക്ക് അടക്കം സ്വർണം പോയിട്ടുണ്ട്. ശബരിമലയിൽ പൊതിഞ്ഞ സ്വർണം അതേ പടി എടുത്ത് വിറ്റാൽ അൻപത് കോടിയും നൂറ് കോടിയും നൽകി വാങ്ങാൻ ആളുണ്ട്. സിനിമാ നിർമ്മാണ കമ്പനികളടക്കം ആവശ്യക്കാരയിട്ടുണ്ട്. ഒറിജിനൽ സ്വർണ്ണം മാറ്റി പുതിയ സ്വർണ്ണംവച്ചാലും പെട്ടെന്ന് തിരിച്ചറിയാനാവില്ല. പൗരാണിക പാരമ്പര്യമുള്ള വളരെ പഴക്കം ചെന്ന ക്ഷേത്രമാണ് ശബരിമല. ഇതിനാൽ തന്നെ ഇവിടത്തെ ഡിവൈൻ വാല്യു വളരെ വലുതാണ്. ഇതിനാൽ തന്നെ ഇവിടുത്ത ശിൽപ്പ ഭാഗങ്ങൾ സൂക്ഷിച്ചാൽ ശനിദോഷമടക്കമുള്ളവ മാറുമെന്ന വിശ്വാസ തട്ടിപ്പ് നടക്കുമെന്നും മഹേഷ് പണിക്കർ പറഞ്ഞു.