ഫ്യൂച്ചർ ടെക്‌നോളജിയുടെ സംരംഭമായ “ക്രീയേറ്റ് ആപ്പ്സ് ഇൻ ദുബായിക്ക്” തുടക്കം കുറിച്ച് ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ എച്ച്.എച്ച് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 2025-ഓടെ ലോകത്തിലെ തന്നെ മികച്ച ബിസിനസ്സ് അവസരങ്ങൾ ദുബായിൽ സ്യഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ദുബായിൽ ആപ്പുകൾ സൃഷ്ടിക്കുന്നതെന്ന് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് പറഞ്ഞു. ദുബായ് ഇന്റെർനെറ്റ് സിറ്റി ആരംഭിച്ചതിനുശേഷം, ആഗോള സാങ്കേതിക രംഗത്ത് ഡിജിറ്റൽ മേഖലയിലെ എമിറേറ്റിന്റെ നിക്ഷേപങ്ങൾ സുപ്രധാന ഘടകമായി മാറുന്നതായി അദ്ദേഹം പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങളുടെയും സാങ്കേതിക കമ്പനികളുടെയും പിന്തുണയോടെ ദുബായ് ചേംബർ ഫോർ ഡിജിറ്റൽ എക്കണോമിയാണ് “ക്രീയേറ്റ് ആപ്പ്സ് ഇൻ ദുബായ്”ക്ക് മേൽനോട്ടം വഹിക്കുന്നത്. ദുബായിലെ സ്വകാര്യ മേഖലയുമായി സഹകരിച്ച് തിരഞ്ഞെടുത്ത 1,000 യുഎഇ പൗരന്മാർക്ക് വിദഗ്ദ പരിശീനവും നൽകും. അത്യാധുനിക ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി 100 പുതിയ ദേശീയ പദ്ധതികളെ പിന്തുണയ്ക്കാനും ഈ സംരംഭം സഹായിക്കും. അടുത്ത 24 മാസത്തിനുള്ളിൽ ഡിജിറ്റൽ ആപ്പ് സ്റ്റോറുകളിൽ ലഭ്യമാക്കും.