ആപ്പിൾ പേ, സാംസങ് പേ എന്നീ പണമിടപാട് സേവനങ്ങൾക്ക് പിന്നാലെ ഇലക്ട്രോണിക് പേയ്‌മെൻ്റിനായി ഗൂഗിൾ പേ സേവനം ആരംഭിച്ചതായി കുവൈറ്റ് നാഷണല്‍ ബാങ്ക്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയാണ് പുതിയ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.
കുവൈറ്റിൽ നിലവിൽ ലഭ്യമായ ആപ്പിൾ പേ, സാംസങ് പേ സേവനങ്ങൾ പോലെ ബാങ്ക് കാർഡുകള്‍ക്ക് പുറമെ ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിങ് പാസുകളും ഇവൻ്റ് ടിക്കറ്റുകളുമെല്ലാം ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും. ഇതോടെ ഗൂഗിള്‍ പേ സേവനം ലഭിക്കുന്ന അറുപത് രാജ്യങ്ങളിലൊന്നായി മാറുകയാണ് കുവൈറ്റ്.
2022 ഡിസംബറില്‍ ആപ്പിള്‍ പേ സേവനം കുവൈറ്റിലെ ഉപഭോക്താക്കള്‍ക്കായി ആരംഭിക്കുകയാണെന്ന് മാസ്റ്റര്‍കാര്‍ഡ് അറിയിച്ചിരുന്നു. 2020ലാണ് കുവൈറ്റിൽ ആദ്യ കോണ്‍ടാക്ട്‍ലെസ് പേയ്മെൻ്റ് സംവിധാനമായ ഫിറ്റ്ബിറ്റ് പേ ആരംഭിച്ചത്. ആഗോള കണക്കനുസരിച്ച് ഏതാണ്ട് 97.1 ബില്യന്‍ ഡോളറാണ് കുവൈറ്റിലെ കാര്‍ഡ്സ് ആൻ്റ് പേയ്മെൻ്റ്സ് വിപണിയുടെ വലുപ്പം. 2022 മുതല്‍ 2026 കാലയളവില്‍ 12 ശതമാനത്തിലധികം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കറന്‍സി ഉപയോഗം കുറച്ച് ഡിജിറ്റല്‍ പേയ്മെൻ്റ് മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ വ്യാപകമാകുന്നതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.