തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലേക്ക് ക്ഷണിക്കാനായി കായിക മന്ത്രി സ്പെയിനിലേക്ക് യാത്ര ചെയ്തതിന് കേരള സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. 2024 സെപ്തംബറിൽ നടന്ന യാത്രയ്ക്കാണ് 13 ലക്ഷം രൂപ ചെലവായത്. ഇക്കാര്യം തെളിയിക്കുന്ന വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.
മന്ത്രിക്കൊപ്പം കായികവകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിൻ സന്ദർശിച്ചിരുന്നു. മെസ്സിയെ കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളിൽ ഒരു രൂപ പോലും സർക്കാരിന് ചിലവായിട്ടില്ലെന്നായിരുന്നു ഇതുവരെ മന്ത്രി വി.അബ്ദുറഹ്മാൻ വാദിച്ചിരുന്നത്. കേരളത്തിലെ ഫുട്ബോൾ വികസനതത്തിന് കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതിരുന്ന കായികമന്ത്രി അർജന്‍റീന ടീമിന്‍റെ വരവിനെ ഇത്രയുംനാൾ ന്യായീകരിച്ചിരുന്നത് സംസ്ഥാന ഖജനാവിന് ചില്ലിക്കാശ് നഷ്ടമില്ലെന്ന വാദം ഉയർത്തിയാണ്. എന്നാൽ വി.അബ്ദുറഹിമാന്‍റെ വാദങ്ങൾ കള്ളമെന്ന് തെളിയിക്കുന്നതാണ് പുറത്തു വന്ന യാത്രചിലവ് കണക്കുകൾ.
മെസ്സിയെയും അർജന്‍റീന ടീമിനെയും ക്ഷണിക്കാനെന്ന പേരിൽ സ്പെയിനിലെ മാഡ്രിഡിലേക്ക് പോയത് 2024 സെപ്റ്റംബറിൽ . ഈ സന്ദർശനത്തിന് 13 ലക്ഷത്തി 4,434 രൂപ ചെലവായെന്നാണ് സർക്കാർ തന്നെ സമ്മതിക്കുന്നത്. അതായത് മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ സർക്കാർ നടത്തിയ വിദേശയാത്രയ്ക്ക് തന്നെ ചെലവായി ലക്ഷങ്ങൾ . അതും അർജന്‍റീന ടീം സ്വന്തം നാട്ടിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുന്ന ആഴ്ച !
75 കോടി മുടക്കി മഞ്ചേരിയിൽ പുതിയ സറ്റേഡിയം നിർമ്മിച്ച് മെസ്സിയെ മലബാറിൽ എത്തിക്കുമെന്ന് അവകാശപ്പെട്ടിരുന്ന മന്ത്രി പിന്നീട് ഇതിനായി ചെറുവിരൽ പോലം അനക്കിയിരുന്നില്ല. ഇപ്പോൾ എല്ലാം സ്പോൺസറുടെ തലയിലിട്ട് ഒഴിഞ്ഞുമാറുകയും മാധ്യമങ്ങളോട് ക്ഷുഭിതനാവുകയും ചെയ്യുന്ന അബ്ദുറഹിമാൻ ഇത്രയും നാൾ കേരളത്തെ തെറ്റിദ്ധരിപ്പിക്കുക ആയിരുന്നു എന്ന് വ്യക്തം