ദേശീയ രാഷ്ട്രീയത്തില്‍ കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് പാര്‍ട്ടിവിട്ടു. പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരാനിരിക്കെ മുതിർന്ന നേതാവിന്റെ രാജി കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമടക്കം എല്ലാ പദവികളും രാജിവെച്ചതായാണ് ഗുലാംനബി ആസാദ് അറിയിച്ചിരിക്കുന്നത്. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് പിന്നിൽ.
കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടം തരണം ചെയ്ത് ശക്തിയാർജിക്കുന്നതിനായി താൻ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാത്തതിലെ അതൃപ്തി പ്രകടമാക്കി കൊണ്ടാണ് സോണിയക്ക് രാജികത്ത് അയച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഒമ്പത് വര്‍ഷമായി ചവറ്റുകൊട്ടയിലായിരുന്നുവെന്നും ഗുലാം നബി ആസാദ് കത്തിൽ പറയുന്നു.
വിമര്‍ശനങ്ങള്‍ ഉയർത്തുന്നവരെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുന്നതായും നേതൃത്വത്തിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചകളും അദ്ദേഹം ഉന്നയിച്ചിരുന്നു. പാർട്ടിക്കുള്ളിലെ സാഹചര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച ജി-23 വിഭാഗം നേതാക്കളിൽ പ്രമുഖ നേതാവ് ആയിരുന്നു ഗുലാം നബി ആസാദ്. അടുത്തകാലത്ത് കോൺഗ്രസിനെ വിമർശിക്കുകയും മോദിയെ പ്രശംസിക്കുകയും ചെയ്ത ഗുലാം നബി ആസാദിന്റെ വരും നിലപാടുകൾ എന്തെന്നതും ശ്രദ്ധേയമാണ്. നിലവിൽ അദ്ദേഹം മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.