മുംബൈ: കൊൽക്കത്ത സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയുടെ ഗോട്ട് ഇന്ത്യ ടൂറിനിടെയുണ്ടായ സംഘർഷത്തിൽ പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. അർജന്റീനിയൻ ഫുട്ബോൾ താരം ലയണൽ മെസ്സി വാഗ്ദാനം ചെയ്തതിലും വളരെ കുറച്ച് മാത്രമേ പരിപാടിയിൽ പങ്കെടുത്തുള്ളൂവെന്നും ആരാധകരോടുള്ള പ്രതിബദ്ധത പാലിക്കാത്ത മെസ്സിയെ പക്ഷേ ആരും കുറ്റപ്പെടുത്തി കണ്ടില്ലെന്നും ഗവാസ്കർ പറഞ്ഞു
സ്പോർസ് സ്റ്റാറിൽ എഴുതിയ ലേഖനത്തിലാണ് മെസ്സിയുടെ ഗോട്ട് ടൂറിലുണ്ടായ തള്ളിക്കയറ്റവും ആരാധകരുടെ പ്രതിഷേധവും ഗവാസ്കർ ചൂണ്ടിക്കാണിച്ചത്. മെസ്സി ഒരു മണിക്കൂർ സ്റ്റേഡിയത്തിലുണ്ടാവും എന്നാണ് പറഞ്ഞത്. അതായത് അങ്ങനെയൊരു കരാറാണ് മെസ്സി പരിപാടിയുടെ സംഘാടകരുമായി ഒപ്പിട്ടത്. എന്നാൽ നിശ്ചയിച്ച സമയത്തിലും വളരെ കുറവ് സമയം മാത്രം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ചിലവിട്ട് മെസ്സി മടങ്ങി. വൻ തുക നൽകി ടിക്കറ്റെടുത്ത ആരാധകരെ നിരാശരാക്കിയതിലൂടെ അദ്ദേഹം തന്നെയാണ് യഥാർത്ഥ കുറ്റവാളിയെന്ന് വ്യക്തമായി – ഗവാസ്കർ പറഞ്ഞു.
“മെസ്സിയെ രാഷ്ട്രീയക്കാരും വിഐപികളും വളഞ്ഞിരുന്നു, പക്ഷേ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പരിവാരത്തിനോ ഒരു സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ല. അദ്ദേഹം സ്റ്റേഡിയത്തിൽ ചുറ്റിനടക്കണമായിരുന്നോ, അതോ പെനാൽറ്റി കിക്ക് എടുക്കുന്നത് പോലുള്ള എന്തെങ്കിലും ചെയ്യണമായിരുന്നോ? കൊൽക്കത്തയിലെ കുഴപ്പങ്ങൾക്ക് സംഘാടകരെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് എല്ലാ വശവും പരിശോധിക്കേണ്ടതുണ്ടെന്ന് ഗവാസ്കർ കൂട്ടിച്ചേർത്തു.




