പ്രമുഖ കണ്‍സ്യൂമര്‍ പോര്‍ട്ടലായ ഫ്രഷ് റ്റു ഹോം സൌദിയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ആമസോണുമായി ചേർന്നുളള പുതിയ ഫണ്ടിംഗ് വിനിയോഗ പദ്ധതി ലാഭകരമായി മാറിയെന്നും സൗദി അറേബ്യയാണ് ലക്ഷ്യമിട്ട അടുത്ത വലിയ രാജ്യമെന്നും മലയാളിയും ഫ്രഷ് റ്റു ഹോം സഹ സ്ഥാപകനും സിഇഒയുമായ ഷാന്‍ കടവില്‍ വെളിപ്പെടുത്തി. ഡിജിറ്റൽ രംഗത്തെ കുതിപ്പിനൊപ്പം സൌദിയിൽ പ്രഥമ അക്കാദമി സ്ഥാപിക്കാനുളള ആമസോൺ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഫ്രഷ് ടു ഹോമും സൌദിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നത്.
മത്സ്യവും മാംസവും ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഉപഭോക്താക്കളിൽ എത്തിക്കുന്ന ഫ്രഷ് ടു ഹോം, ആമസോണുമായി ചേർന്നുളള ഫണ്ടിംഗ് റൌണ്ടിൽ 104 മില്യണ്‍ ഡോളർ സമാഹരിച്ചെന്നും കമ്പനി അറിയിച്ചു. ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായ്, എഡിക്യു, ബഹ്‌റൈനിലെ ഇന്‍വെസ്റ്റ്‌കോര്‍പ് തുടങ്ങിയ ഓഹരി ഉടമകൾക്കൊപ്പം ദുബായ് ആസ്ഥാനമായ ശതകോടീശ്വരന്‍ അബ്ദുള്‍ അസീസ് അല്‍ ഗുറൈറും മുന്‍ റൗണ്ടില്‍നിക്ഷേപകനായിരുന്നു. സംഭവ് വെഞ്ച്വര്‍ ഫണ്ട് വഴിയാണ് ഫ്രഷ് റ്റു ഹോം ആമസോണ്‍ എന്‍ട്രി പോയിന്റിലേക്കെത്തിയതെന്നും കമ്പനി വ്യക്തമാക്കി.
ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളില്‍ നിന്ന് ഫ്രഷ് മല്‍സ്യം നേരിട്ട് സ്വീകരിച്ചാണ് ഫ്രഷ് റ്റു ഹോം 2015ൽ പ്രവർത്തനം ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനകം ഇന്ത്യയിലും യുഎഇയിലുമായി 100ലധികം നഗരങ്ങളിലേക്ക് ഫ്രഷ് ടു ഹോമിൻ്റെ സേവനം വ്യാപിച്ചു.മല്‍സ്യ ബന്ധനം നടത്തി ആറു മണിക്കൂറിനകം നേരിട്ട് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നുവെന്നതും, മായങ്ങളും രാസവസ്തുക്കളും ഒട്ടും ഇല്ലെന്നതുമാണ് ഫ്രഷ് റ്റു ഹോമിനെ ഉപഭോക്താക്കൾക്കിടയിൽ വേറിട്ടതാക്കിയത്.
ഓൺലൈൻ കച്ചവടത്തിന് പുറമെ റീട്ടെയില്‍ സ്റ്റോറുകളും ആരംഭിച്ചുകഴിഞ്ഞു. . ദുബായ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ രണ്ട് ഫിസിക്കല്‍ ലൊക്കേഷനുകളും ഫ്രഷ് ടു ഹോമിനുണ്ട്.അതുകൊണ്ടുതന്നെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള മൂന്നാം കക്ഷികള്‍ക്ക് പുതിയ സപ്ലൈകള്‍ നല്‍കേണ്ട ആവശ്യമില്ലെന്നും ഷാൻ കടവിൽ വ്യക്തമാക്കി. കാലത്തിനനുസരിച്ചുളള കച്ചവട സാധ്യതകൾ തെളിഞ്ഞതോടെ ആമസോൺ ഉൾപ്പെടെ ലോകോത്തര കമ്പനികൾ നിക്ഷേപമിറക്കാൻ രംഗത്തെത്തുകയായിരുന്നു.
ഷാര്‍ജ ഇന്ത്യന്‍ ഹൈസ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഷാന്‍ നേരത്തെ സിലിക്കണ്‍ വാലിയിലെ ഗെയിമിംഗ് സംരംഭങ്ങൾക്കും ചുക്കാൻ പിടിച്ചിട്ടുണ്ട്. മലയാളികൾക്ക് അഭിമാനമായി ആമസോണ്‍ നിക്ഷേപം നടത്തിയ ആദ്യ കേരളാ സംരംഭം എന്ന നിലയിലും ഫ്രഷ് ടു ഹോം പുതിയ കുതിപ്പിലേക്ക് നീങ്ങുകയാണ്.