കപ്പലിൽ തൂങ്ങികിടന്ന് യൂറോപ്പിലേക്ക് കടക്കാൻ ശ്രമിച്ച നാല് നൈജീരിയക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ചരക്കുകപ്പലിൻ്റെ മുൻവശത്തെ റഡ്ഡറിൽ പിടിച്ചു നിന്ന് യൂറോപ്പിലേക്ക് എത്താൻ ശ്രമിച്ച നാല് പേരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നൈജീരിയയിൽ നിന്നും ചരക്കുകപ്പലിൻ്റെം അടിഭാഗത്ത് ആരും കാണാതെ കയറി പറ്റിയ ഇവരെ ബ്രസീലിലെ പോർട്ട് ഓഫ് വിക്ടോറിയയിൽ വച്ച് ബ്രസീലിയൻ ഫെഡറൽ പൊലീസാണ് രക്ഷപ്പെടുത്തിയത്.
നൈജീരിയയിലെ തുറമുഖ നഗരമായ ലഗോസിൽ നിന്നും ജൂണ് 27-നാണ് നാല് പേരും കപ്പലിൻ്റെ റഡറിൽ കയറിപറ്റിയത്. യാത്രയ്ക്കിടെ കടലിൽ വീഴാതിരിക്കാൻ റഡ്ഡറിന് ചുറ്റും ഇവർ വലകെട്ടുകയും കയർ കൊണ്ട് ദേഹത്തും കെട്ട് ഇടുകയും ചെയ്തു. 5600 കിലോമീറ്റർ നീണ്ട പതിനാല് ദിവസത്തെ യാത്രയ്ക്കിടെ പലതരം അപകടങ്ങൾ തങ്ങളെ തേടിയെത്തിയെന്ന് നാൽവർ സംഘം പറയുന്നു. തിമിംഗലങ്ങളും കൊലയാളി സ്രാവുകളും ഒരുപാട് ദൂരം ഇവരെ പിന്തുടർന്നു. കപ്പലിലെ ഉച്ചത്തിലുള്ള സൈറൺ ശബ്ദം കാരണം ഉറങ്ങാൻ സാധിച്ചില്ല.
അവശ്യം വേണ്ട ഭക്ഷ്യവസ്തുകളുമായാണ് നാല് പേരും കപ്പലിൻ്റെ അടിഭാഗത്ത് ഇരിപ്പ് ഉറപ്പിച്ചതെങ്കിലും പത്ത് ദിവസം കൊണ്ട് അതെല്ലാം തീർന്നിരുന്നു. തുടർന്ന് കടൽവെള്ളം കോരി കുടിച്ചാണ് പിടിച്ചു നിന്നത്. ഭക്ഷണം പോലും കഴിക്കാതെ ഇത്രയും ദിവസം ഇവർ കപ്പലിൻ്റെ അടിത്തട്ടിൽ തൂങ്ങി പിടിച്ച് നിന്നതിനെ മഹാത്ഭുതം എന്നാണ് ബ്രസീൽ പൊലീസ് ഉദ്യോഗസ്ഥർ വിശേഷിപ്പിക്കുന്നത്.
ഭക്ഷണവും ഉറക്കവുമില്ലാത്ത ദിവസങ്ങൾക്ക് ശേഷം പൊലീസ് രക്ഷപ്പെടുത്തുമ്പോൾ അതിസാഹസികമായ യാത്ര ലക്ഷ്യത്തിലെത്തിയെന്ന് ആശ്വാസത്തിലായിരുന്നു നാല് പേരും. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. യൂറോപ്പിലേക്ക് പുറപ്പെട്ട തങ്ങൾ മരണയാതനകൾ താണ്ടി എത്തിയത് ബ്രസീലിലേക്കാണെന്ന് അറിഞ്ഞതോടെ നാലു പേരും ആകെ തകർന്ന അവസ്ഥയിലായി.
നൈജീരിയയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയും അഭ്യന്തരകലാപവും ദാരിദ്രവും കാരണമാണ് മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് തങ്ങൾ ഈ കടുംകൈ ചെയ്തത് എന്നാണ് നാല് പേരും പൊലീസിനോട് പറഞ്ഞിരിക്കുന്നത്. യൂറോപ്പിലേക്ക് പുറപ്പെട്ട് ഒടുവിൽ എത്തിയത് ബ്രസീലിൽ ആണെന്ന് അറിഞ്ഞതോടെ സംഘത്തിലെ രണ്ട് പേരെ തിരികെ പോകാൻ താത്പര്യമറിയിച്ചു. ഇവരെ ബ്രസീൽ അധികൃതർ നൈജീരിയയിലേക്ക് തിരികെ അയച്ചു. എന്നാൽ മറ്റേ രണ്ട് പേർ ബ്രസീലിൽ തന്നെ ജീവിക്കാനാണ് തീരുമാനിച്ചത്. സാവോ പോളയിലെ ഒരു വൈദികൻ്റെ സംരക്ഷണത്തിലാണ് ഇവരിപ്പോൾ.