ദുബായില്‍ ഭക്ഷണ വിതരണത്തിന് ഡ്രൈവറില്ലാ റോബോട്ടുകൾ വരുന്നു. ആർ ടി എയുടെ ടേക്ക് എവേ ഡെലിവറി റോബോട്ട് പദ്ധതി പ്രഖ്യാപിച്ചു. ദുബായ് ഗതാഗത വകുപ്പായ ആർ ടി എ, ഭക്ഷണ വിതരണ ആപ്പായ തലാബത്ത്, ദുബായ് ഇൻ്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി (DIEZ) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി.
ഫുഡ് ഡെലിവറി പൈലറ്റ് പദ്ധതി ദുബായ് സിലിക്കൺ ഒയാസിസിൽ പരീക്ഷണം നടത്തും. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിൽ റോബോട്ടുകളുടെ സേവനം ലഭ്യമായിരിക്കും. ഭക്ഷണം ഓർഡർ ചെയ്ത് പതിനഞ്ച് മിനിറ്റിനകം ഭക്ഷണ വിതരണം ഉറപ്പാക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ നിർമിത ബുദ്ധി ഉപയോഗിച്ചാണ് ഡെലിവറി റോബോട്ടുകൾ പ്രവര്‍ത്തിക്കുക. തലാബത്തിൻ്റെ ആപ്പ് ഇൻ്റർഫേസിലൂടെ ഉപഭോക്താക്കൾക്ക് റോബോട്ടിൻ്റെ യാത്ര ട്രാക്ക് ചെയ്യാനും മറ്റ് വിശദാംശങ്ങൾ പരിശോധിക്കാനും കഴിയും.
സ്മാർട് സിറ്റിയാകാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് നീക്കം. ഇത്തരം സേവനങ്ങളുടെ ഗുണനിലവാരവും പുതുമയും ദുബായിയെ ഏറ്റവും മികച്ച നഗരമാക്കുമെന്നാണ് പ്രതീക്ഷ. 2023 സുസ്ഥിര വർഷത്തോട് അനുബന്ധിച്ച് പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ പരീക്ഷിക്കുന്നതിനൊപ്പം ഭാവിയിലേക്കുള്ള പദ്ധതികൾ കൂടിയാണ് നടപ്പാക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് സീറോ-എമിഷൻ മോഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.
2030 ആകുമ്പോഴേക്കും ദുബായിലെ എല്ലാ ഗതാഗത യാത്രകളുടേയും 25 ശതമാനം സ്‌മാർട്ടും ഡ്രൈവർ രഹിതവുമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വരും തലമുറയിലെ റൈഡർമാരെ പിന്തുണയ്ക്കുന്ന സുസ്ഥിര പദ്ധതിയാണിതെന്നും ആര്‍ടിഎ വ്യക്തമാക്കി.