കുവൈത്തില്‍ അഞ്ച് ദിവസത്തെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഈ അവധി ദിനങ്ങള്‍ ബാധകമായിരിക്കും. ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 25 ചൊവ്വാഴ്ച വരെയായിരിക്കും അവധി. അവധിക്ക് ശേഷം ഏപ്രില്‍ 26 ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കും.
അതേസമയം സൗദി അറേബ്യയില്‍ സ്വകാര്യ മേഖലക്ക് ഈദുൽ ഫിത്വർ അവധി നാല് ദിവസമായിരിക്കുമെന്ന് രാജ്യത്തെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 20ന് വ്യാഴാഴ്ച അഥവാ റമദാൻ 29ന് പ്രവൃത്തി അവസാനിച്ച ശേഷം നാല് ദിവസത്തേക്കായിരിക്കും അവധിയെന്ന് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
അവധി വിഷയത്തിൽ തൊഴിൽ നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളുടെ ആർട്ടിക്കിൾ 24ലെ രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകൾ തൊഴിലുടമകള്‍ പാലിക്കണമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇക്കുറി മാര്‍ച്ച് 23നാണ് റമദാന്‍ വ്രതം ആരംഭിച്ചത്. അറബി മാസങ്ങളില്‍ റമദാന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയ്യതിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.