റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇരുപത് വർഷമായി റിയാദിൽ ജയിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. റഹീമിൻ്റെ എമിഗ്രേഷൻ നടപടികൾ അവസാന ഘട്ടത്തിലാണ്. ബലി പെരുന്നാൾ ദിനമായ നാളെ റഹീം വീട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.
റഹീമിനെ ജയിലിൽ നിന്നും മോചിപ്പിക്കാനുള്ള ഉത്തരവിൽ ഇന്നലെ അധികൃതർ ഒപ്പിട്ടിരുന്നു. എക്സിറ്റ് വിസയും കിട്ടിയിട്ടുണ്ട്. ഇനി എമിഗ്രേഷൻ നടപടികൾ കൂടി പൂർത്തിയായാൽ ജയിലിൽ നിന്നും അബ്ദുൽ റഹീമിനെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റും. ഇവിടെ വച്ച് സൗദ്ദിയിലേക്ക് തിരിച്ചു വരാനുള്ള യാത്രാ വിലക്ക് കൂടി ഏർപ്പെടുത്തിയ ശേഷമാവും റഹീമിനെ കേരളത്തിലേക്ക് നാട് കടത്തുക.
അബ്ദുൽ റഹീമിന്‍റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുൽ റഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം നൽകിയത്..


